ആശ്രമം കത്തിക്കൽ: കൃഷ്ണകുമാറിനെ കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത മൂന്നാം പ്രതി കുണ്ടമൺ കടവ് ദേവിനഗർ റസിഡന്റ്സ് അസോസിയേഷൻ 83ൽ മേലെകുഴിവിള വീട്ടിൽ കൃഷ്ണകുമാറിനെ (39) കൂടുതൽ ചോദ്യം ചെയ്യാനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി കൃഷ്ണകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം വഞ്ചിയൂർ കോടതിയിൽ അപേക്ഷ നൽകും. കൃത്യത്തിനുപയോഗിച്ച ബൈക്കുകൾ കണ്ടെത്തുന്നതിനും സംഭവത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ചും തെളിവു നശിപ്പിക്കലുമായി ബന്ധപ്പെട്ടും കൂടുതൽ അന്വേഷണം തുടരേണ്ട സാഹചര്യത്തിലാണിത്. കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്റെ ആത്മഹത്യാക്കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര സബ് ജയിലിൽ റിമാൻഡിലായിരുന്ന കൃഷ്ണകുമാറിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ആശ്രമം കത്തിച്ചസംഭവം ക്രൈംബ്രാഞ്ചിന് തെളിയിക്കാനായത്. ആശ്രമം കത്തിച്ച ദിവസം അവിടെനിന്ന് കണ്ടെത്തിയ ആദരാഞ്ജലികളെന്നെഴുതിയ റീത്ത് കേസിലെ ഒന്നാം പ്രതി പ്രകാശിനായി നിർമ്മിച്ചുനൽകിയത് കൃഷ്ണകുമാറായിരുന്നു. കൂടാതെ സംഭവസ്ഥലത്ത് പ്രകാശിനും ശബരിക്കുമൊപ്പം കൃഷ്ണകുമാറിന്റെ സാന്നിദ്ധ്യവും അന്വേഷണസംഘം കണ്ടെത്തുകയും കൃഷ്ണകുമാർ കുറ്റസമ്മതം നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. കേസിൽ രണ്ടാം പ്രതിയും തലസ്ഥാനത്ത് നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളുമായ ഇരിപ്പോട് സ്വദേശി ശബരി ഒളിവിലാണ്. ശബരിക്കായി അന്വേഷണം ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ക്രൈംബ്രാഞ്ച് എസ്.പി സുനിൽകുമാർ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ഷാജി, സി.ഐ അലക്സാണ്ടർ തങ്കച്ചൻ, എസ്.ഐ റോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളുടെ ബാങ്ക് ഇടപാടുകളുൾപ്പെടെ മറ്റ് കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.