റവന്യൂ പുരസ്‌കാരങ്ങൾ: തിളങ്ങി ആലപ്പുഴ

Thursday 23 February 2023 1:16 AM IST
എസ്. സന്തോഷ് കുമാർ

ആലപ്പുഴ : സംസ്ഥാന റവന്യൂ പുരസ്‌കാരങ്ങളിൽ ആലപ്പുഴ ജില്ലക്ക് നേട്ടം. എ.ഡി.എം എസ്. സന്തോഷ്‌കുമാർ ജനറൽ വിഭാഗത്തിലെ മികച്ച ഡെപ്യൂട്ടി കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി. അബ്രഹാം ഈ വിഭാഗത്തിലെ മികച്ച ഡെപ്യൂട്ടി കളക്ടറായി. ലാൻഡ് റവന്യൂ, സർവേ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ചസേവനം കാഴ്ചവയ്ക്കുന്നവർക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

2022 മുതൽ ആലപ്പുഴ എ.ഡി.എമ്മായി പ്രവർത്തിക്കുന്ന സന്തോഷ്‌കുമാർ, കഴിഞ്ഞ വർഷത്തെ മികച്ച ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. 2013ൽ അമ്പലപ്പുഴ ലാൻഡ് റവന്യൂ തഹസിൽദാറായിരുന്നു. 2018ൽ ആലപ്പുഴ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറായി. 2016 -2018 കാലത്ത് അമ്പലപ്പുഴ തഹസിൽദാറായിരുന്ന ആശ സി. അബ്രഹാം 2019ൽ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറായി. 2020 മുതൽ ആലപ്പുഴ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറായി. 2021ൽകോട്ടയം എ.ഡി.എം. ആയി പ്രവർത്തിച്ചു. 2022 മുതൽ ആലപ്പുഴ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറാണ്.

ജില്ലയിലെ മികച്ച മൂന്ന് വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്‌കാരങ്ങൾ പാണാവള്ളി വില്ലേജിലെ കെ. ബിന്ദു, മുല്ലയ്ക്കൽ വില്ലേജിലെ സിനിരാജ്, കൃഷ്ണപുരം വില്ലേജിലെ എൻ. അനൂപ് എന്നിവർ നേടി. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തണ്ണീർമുക്കം തെക്ക് വില്ലേജ് തിരഞ്ഞെടുക്കപ്പെട്ടു.