ആശ്വാസകിരണം പദ്ധതിയിൽ സഹായവിതരണം മുടങ്ങി

Thursday 23 February 2023 12:19 AM IST
ആശ്വാസകിരണം

ആലപ്പുഴ: രോഗികളുടെ മുഴുവൻ സമയ പരിചരണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "ആശ്വാസ കിരണം പദ്ധതി"യിൽ നിന്നുള്ള സഹായം വിതരണം നിലച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. 1.15ലക്ഷം ഗുണഭോക്താക്കളാണ് ഇതോടെ പ്രതിസന്ധിയിലായത്. ഫണ്ടിന്റെ കുറവാണ് സഹായ വിതരണത്തിന് തടസമെന്ന് അധികൃതരുടെ വിശദീകരണം. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. നിലവിൽ കുടിശ്ശിക ഇനത്തിൽ 207കോടി രൂപയാണ് നൽകാനുള്ളതെങ്കിലും ഇത്തവണ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത് 53കോടി രൂപ മാത്രമാണ്. കിടപ്പുരോഗികൾ, മാനസിക-ശാരീരിക വെല്ലുവിളിനേരിടുന്നവർ തുടങ്ങി മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവരെ പരിചരിക്കുന്നവർക്കു പ്രതിമാസം 600രൂപയാണ് നൽകുന്നതാണ് ആശ്വാസ കിരണം പദ്ധതി. ഒരാൾക്ക് 12,000മുതൽ 15000രൂപ വരെ സഹായം ലഭിക്കാനുള്ളതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പുതിയതായി പദ്ധതിയിൽ അംഗങ്ങളാകാൻ 2018മുതൽ സമർപ്പിച്ച 65,000 അപേക്ഷകളിൽ ഇനിയും തീർപ്പാക്കിയിട്ടില്ല. . ഇപ്പോഴത്തെ അവസ്ഥയിൽ കുടിശ്ശിക അടക്കം ധനസഹായം നൽകണമെങ്കിൽ 235കോടി രൂപ വേണ്ടിവരും.

പദ്ധതിയുടെ പരിധിയിൽ

പക്ഷാഘാതം, നാഡീരോഗങ്ങൾ എന്നിവ മൂലം മുഴുവൻ സമയ പരിചരകന്റെ സേവനം ആവശ്യമായുള്ള കിടപ്പിലായവർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, തീവ്രമാനസിക വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം, സെറിബ്രൽ പാൾസി മുതലായ അവസ്ഥയിലുള്ളവർ, എൻഡോസൾഫാൻ മൂലം പൂർണ്ണമായും ദുർബലപ്പെട്ടവർ തുടങ്ങിയവരെ പരിചരിക്കുന്നവർക്കാണ് ആശ്വാസ കിരണം പദ്ധതിയിലൂടെ സഹായം നൽകുന്നത്.

വേതനം: 600രൂപ

ഗുണഭോക്താക്കൾ:1.15ലക്ഷം

കുടിശിക: 207കോടി

തീർപ്പാകാത്ത അപേക്ഷകൾ: 65,000