കേരളത്തെ പ്രണയിച്ച മോഹിനി

Thursday 23 February 2023 1:22 AM IST

മുംബയ്: മലയാളി അല്ലെങ്കിലും കേരളത്തിന്റെ കലാരൂപങ്ങളായ മോഹിനിയാട്ടത്തിനും കഥകളിക്കും വേണ്ടി ജീവിതം സമർപ്പിച്ച നൃത്ത പ്രതിഭയായിരുന്നു കനക് റെലെ. എട്ട് പതിറ്റാണ്ടോളം നൃത്തത്തെ ഉപാസിച്ച അവർ മോഹിനിയാട്ടത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും വലിയ പങ്കു വഹിച്ചു. നർത്തകിയും കോറിയോഗ്രാഫറും നൃത്ത അദ്ധ്യാപികയും ഗവേഷകയും ആയിരുന്നു.

ഗുജറാത്തിൽ 1937 ജൂൺ 11നാണ് ജനനം. അവരുടെ ചെറുപ്പത്തിൽ പിതാവ് മരണമടഞ്ഞു. അമ്മയ്‌ക്കും അമ്മാവനുമൊപ്പം ശാന്തിനികേതനിലേക്കു പോയതോടെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ശാന്തിനികേതനിൽ ചെലവിട്ട ബാല്യമാണ് കനക് റെലെയ്ക്ക് കഥകളിയുടെയും മോഹിനിയാട്ടത്തിന്റെയും ആകാശം തുറന്നുകൊടുത്തത്.

മുംബയ് ഗവൺമെന്റ് ലാ കോളേജിൽ നിന്ന് എൽ. എൽ. ബിയും

മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് രാജ്യാന്തര നിയമത്തിൽ ഡിപ്ലോമയും നേടിയ കനക് റെലെ നൃത്തത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്.

പുരുഷാധിപത്യമുള്ള കഥകളിയിൽ സ്വന്തം പാത കണ്ടെത്തി. ഇതിനിടെ പോളിയോ കാലുകളെ തളർത്തിയെങ്കിലും നൃത്ത പരിശീലനത്തിലൂടെ അതിജീവിച്ചു. കലാമണ്ഡലം രാജലക്ഷ്‌മിയുടെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിച്ചത്. തുടർന്ന് മോഹിനിയാട്ടത്തിൽ ഗവേഷണം നടത്തി.

1970കളിൽ കേരളത്തിലെ മോഹിനിയാട്ടം കലാകാരികളെ തേടിയെത്തിയ കനക് റെലെ കൽപ്പുറത്ത് കുഞ്ഞുക്കുട്ടി അമ്മ,തോട്ടശേരി ചിന്നമ്മു അമ്മ,കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ തുടങ്ങിയ പ്രതിഭകളുടെ ജീവിതം കാമറയിൽ പകർത്തി.

മോഹിനിയാട്ടത്തെ ശാസ്‌ത്രീയമായി നവീകരിച്ചതാണ് കനക് റെലെയുടെ കോറിയോഗ്രാഫികൾ. പരമ്പരാഗത ശൈലി വിട്ട് പുരാണ കഥകളെ സമകാലിക പശ്ചാത്തലത്തിൽ അവതരിപ്പിച്ചു. പ്രണയാതുരയായ മോഹിനിമാർക്ക് പകരം

ശക്തരായ സ്‌ത്രീ കഥാപാത്രങ്ങൾക്ക് അവർ ഭാവം പകർന്നു. കുബ്‌ജ, കല്യാണി, ചിലപ്പതികാരം, സ്വപ്‌നവാസവദത്തം തുടങ്ങിയവ കനക് റെലെ അരങ്ങിൽ പ്രാണൻ പകർന്ന മോഹിനിയാട്ട ശിൽപ്പങ്ങളാണ്.

കാവാലം നാരായണപ്പണിക്കരുമായുള്ള അടുപ്പം കനക് റെലെയുടെ നൃത്തത്തിൽ സോപാന സംഗീതത്തിന്റെ താളം ഇഴചേർത്തു. പുരാണ നായികമാരെ മാതൃകയാക്കി സമകാലിക സ്ത്രീ ജീവിതത്തിന്റെ തീവ്രവ്യഥകൾ അവതരിപ്പിക്കാൻ കാവാലത്തിന്റെ ശിക്ഷണം പ്രചോദനമായി. അംബ, ഗാന്ധാരി, ദ്രൗപദി തുടങ്ങിയ പുരാണ കഥാപാത്രങ്ങൾക്ക് സ്ത്രീത്വത്തിന്റെ കരുത്ത് നൽകുന്നതായിരുന്നു അവരുടെ രംഗാവിഷ്‌കാരങ്ങൾ. മുബയ് ഭീകരാക്രമണം പശ്ചാത്തലമാക്കിയ ദ എൻലൈറ്റൻഡ് വൺ ഗൗതമ ബുദ്ധ എന്ന നൃത്തശിൽപ്പം ആഗോള പ്രശസ്തി നേടി.

മീ, ആൻഡ് മൈ മോഹിനിയാട്ടം, മോഹിനിയാട്ടം -ദ ലിറിക്കൽ ഡാൻസ്, ഭാവ നിരൂപണം, എ ഹാൻഡ് ബുക്ക് ഒഫ് ഇന്ത്യൻ ഡാൻസ് ടെർമിനോളജി തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു. റെലെയുടെ പുസ്തകങ്ങൾ കേരള കലാമണ്ഡലത്തിലുൾപ്പെടെ സിലബസിലുണ്ട്.

Advertisement
Advertisement