ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടം  ജില്ലയിൽ ജലക്ഷാമം രൂക്ഷമാകുന്നു

Thursday 23 February 2023 4:27 AM IST

തിരുവനന്തപുരം/വിഴിഞ്ഞം: വേനലെത്തുംമുമ്പേ തലസ്ഥാനത്തെ പിടിച്ചുലച്ച് ജലക്ഷാമം.

ജില്ലയിലെ പല മേഖലകളിലും കുടിവെള്ളത്തിന് പണം കൊടുക്കേണ്ട സ്ഥിതിയാണ്. മാർച്ചിൽ വേനൽ കടുക്കുന്നതോടെ ജലക്ഷാമം ഇനിയും രൂക്ഷമാകുമെന്നാണ് കണക്കുകൂട്ടൽ. ദിവസങ്ങളായി കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാത്തതിന്റെ രോഷത്തിൽ വ്യാപാരിയായ യുവാവ് തോക്കുമായെത്തി വെങ്ങാനൂർ സിവിൽ സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയ സംഭവം ഇതിനുദാഹരണമാണ്.

വെങ്ങാനൂരിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. വേനൽ കടുത്തതോടെ കിണറുകളും നീർച്ചാലുകളും വറ്റിവരണ്ടു. വെങ്ങാനൂർ പഞ്ചായത്തിൽ ഓഫീസ് വാർഡ്, നെല്ലിവിള, വെണ്ണിയൂർ, മാവുവിള, പനങ്ങോട്,അംബേദ്കർ ഗ്രാമം, കല്ലുവെട്ടാൻകുഴി, കടവിൻ മൂല,കോവളം,മുട്ടയ്ക്കാട് തുടങ്ങിയ പത്ത് വാർഡുകളിലാണ് ജലക്ഷാമം രൂക്ഷം. ഇതിൽ വെണ്ണിയൂർ, നെല്ലിവിള, മുട്ടയ്ക്കാട് ഏലാകൾ എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷിയിടങ്ങളുള്ളത്. വെണ്ണിയൂരിലെ 100 ഏക്കറോളം കൃഷി കരിഞ്ഞുണങ്ങി. നീർച്ചാലുകൾ വറ്റിയതോടെ പാട്ടത്തിനും കാർഷിക ലോണുമെടുത്ത കർഷകർ പ്രതിസന്ധിയിലാണ്. ഓണം ലക്ഷ്യമിട്ട് നട്ട വാഴകൾ കരിഞ്ഞുണങ്ങി. നെയ്യാർ ഡാമിൽ നിന്ന് തുറന്നുവിടുന്ന ജലം കനാലിലൂടെ എത്താത്തതാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പമ്പ് ഹൗസിലും ജലനിരപ്പ് താഴ്ന്നതോടെ പമ്പിംഗ് സമയവും കുറച്ചു.

വാമനപുരം നദിയിലും ജലനിരപ്പ് താഴ്ന്നു. പല പദ്ധതികൾക്കും വിതരണത്തിനായി ജലം ലഭിക്കാത്ത സ്ഥിതിയാണ്. രണ്ടു ദിവസത്തിലൊരിക്കൽ വെള്ളം പമ്പ് ചെയ്തിരുന്നത് മിക്ക സ്ഥലങ്ങളിലും ആഴ്ചയിൽ ഒരു ദിവസമാക്കി. നീരൊഴുക്ക് ഇനിയും താഴുമെന്നാണ് കരുതുന്നത്. നഗരത്തിൽ ശ്രീകാര്യം. അരശുംമൂട് തൃപ്പാദപുരം,​ മൺവിള ഭാഗങ്ങളിൽ ആഴ്ചകളായി ജലം മുടങ്ങുന്നതായി പരാതിയുണ്ട്. ഇവിടെ വാട്ടർ അതോറിട്ടിയാണ് ജലം വിതരണം ചെയ്യുന്നത്. ജലക്ഷാമത്തെ തുടർന്ന് നാട്ടുകാർ 24ന് വെള്ളയമ്പലത്തെ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിക്കും. വിഴിഞ്ഞം തീരദേശത്ത് കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. ഒരു കുടം വെള്ളത്തിന് 10 മുതൽ 15 രൂപ വരെയാണ് നൽകേണ്ടത്. മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള കോട്ടപ്പുറം, പള്ളിത്തുറ, മതിപ്പുറം, പട്ടാണിക്കോളനി, വലിയപറമ്പ് പ്രദേശങ്ങളിലാണ് ഈ സ്ഥിതി. നിരവധി പദ്ധതികളാണ് വെള്ളായണി കായലിനെ ആശ്രയിച്ചുള്ളത്. എന്നാൽ പൈപ്പ് ജലം കൃത്യമായി കിട്ടാത്തതിനു പുറമേ വെള്ളം ഓരും ചെളിയും കലർന്നതുമാണ്.