തൃണമൂൽ ബി.ജെ.പി വിജയം ഉറപ്പാക്കുന്നു: രാഹുൽ ഗാന്ധി
ന്യൂഡൽഹി:ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് മേഘാലയിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നതെന്ന് രാഹുൽ ഗാന്ധി. സമാനമായ മത്സരം ഗോവയിലും അവർ നടത്തുകയും ബി.ജെ.പിയെ സഹായിക്കുകയും ചെയ്തതാണ്. അക്രമവും അഴിമതിയുമാണ് ബംഗാളിലെ തൃണമൂൽ സർക്കാരിന്റെ മുഖമുദ്ര. മേഘാലയയിൽ മൽക്കി മൈതാനിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. അദാനി വിഷയത്തിൽ പ്രധാനമന്ത്രി മൗനം തുടരുകയാണ്. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചു. അദാനിയുടെ വിമാനത്തിൽ ഇരുവരും ഇരിക്കുന്ന ചിത്രവുംകാണിച്ചു. ഒരു ചോദ്യത്തിനും ഉത്തരം നൽകിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധമുള്ള രണ്ട് മൂന്ന് വൻകിട വ്യവസായികൾ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനാൽ എന്റെ പ്രസംഗം മാദ്ധ്യമങ്ങളിൽ കാണില്ലെന്നും രാഹുൽ പറഞ്ഞു.
സുരക്ഷ വീഴ്ച
രാഹുൽ ഗാന്ധി പ്രസംഗിക്കുന്ന മൽക്കി മൈതാനിയിലെ വേദിക്ക് മുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഹെലികോപ്ടർ പറന്നതായി കോൺഗ്രസ് ആരോപിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടു. വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ ആരോപിച്ചു.