ഉദ്ധവ് പക്ഷത്തിന് തിരിച്ചടി: തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന് സ്റ്റേയില്ല അയോഗ്യത നടപടി തത്കാലം പാടില്ല

Thursday 23 February 2023 1:42 AM IST

ന്യൂഡൽഹി : യഥാർത്ഥ ശിവസേന ഷിൻഡെ പക്ഷമാണെന്ന് അംഗീകരിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. സ്റ്റേയ്‌ക്കായി ഉദ്ധവ് താക്കറെ പക്ഷം ശക്തമായി വാദിച്ചെങ്കിലും ഷിൻഡെ ക്യാമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ വിജയിച്ച സാഹചര്യം ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഷിൻഡെ പക്ഷത്തിന് ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നവും ഉപയോഗിക്കാം. മഹാരാഷ്‌ട്രയിലെ ഛിഞ്ച്‌വാഡിലും കസ്ബപേട്ടിലും 26ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് വിഭാഗം,​ ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ)​ എന്ന പാ‌ർട്ടി പേരും തീപ്പന്തം ചിഹ്നവും തന്നെ തത്കാലം ഉപയോഗിക്കട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. ഉദ്ധവ് പക്ഷം സമർപ്പിച്ച ഹർജിയിൽ ഷിൻ‌ഡെ വിഭാഗത്തിന് നോട്ടീസ് അയച്ച കോടതി,​ രണ്ടാഴ്‌ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം നൽകി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിയുടെ താഴെത്തട്ടിലേക്കിറങ്ങി അന്വേഷണം നടത്തിയില്ലെന്നും ഭൂരിഭാഗം പ്രവർത്തകരും തന്റെ പക്ഷത്തെയാണ് അനുകൂലിക്കുന്നതെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. സേനയുടെ ഓഫീസുകൾ,​ സ്വത്തുക്കൾ,​ ബാങ്ക് അക്കൗണ്ടുകൾ എന്നിവയുടെ സംരക്ഷണത്തിന് ഉത്തരവിടണമെന്ന് ഉദ്ധവ് പക്ഷത്തിന്റെ അഭിഭാഷകരായ കപിൽ സിബലും,​ അഭിഷേക് സിംഗ്‌വിയും ശക്തമായി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അങ്ങനെ ഉത്തരവിട്ടാൽ ഫലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് തുല്യമായിരിക്കുമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

അതേസമയം,​ ഉദ്ധവ് പക്ഷത്തിനെതിരെ അയോഗ്യത നടപടികൾ തത്കാലമുണ്ടാകില്ലെന്ന് ഷിൻഡെ പക്ഷ അഭിഭാഷകർ സുപ്രീംകോടതിക്ക് ഉറപ്പ് നൽകി. ഉദ്ധവ് താക്കറെ ഡൽഹി ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിനെയടക്കം ഷിൻഡെ പക്ഷത്തിന്റെ അഭിഭാഷകരായ മഹേഷ് ജെഠ്മലാനിയും നീരജ് കിഷൻ കൗളും മനീന്ദർ സിംഗും എതിർത്തു. താക്കറെയുടെ ഹർജി രണ്ടാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.