മാസ്ക് ഉപയോഗം കുറഞ്ഞു, രോഗികളുടെ എണ്ണം കൂടി

Thursday 23 February 2023 12:47 AM IST
മാസ്ക്

ആലപ്പുഴ: മാസ്ക് ഉപയോഗം കുറഞ്ഞതോടെ ആശുപത്രികളിൽ അലർജി രോഗികളുടെ എണ്ണം വർദ്ധിച്ചു. പനിയും പൊടിയിലൂടെയുള്ള അലർജി രോഗങ്ങളായ തുമ്മൽ, ശ്വാസംമുട്ടൽ തുടങ്ങിയവയുമായി എത്തുന്നവർ ഓരോ ദിവസവും വർദ്ധിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ലയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ ഒ.പി വിഭാഗത്തിൽ എത്തുന്ന രോഗികളിൽ 70ശതമാനവും അലർജിയെത്തുടർന്നുള്ള പ്രശ്നങ്ങളുള്ളവരാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1500മുതൽ 2000പേർ വരെയാണ് ഇപ്പോൾ ഒ.പിയിൽ എത്തുന്നത്. ഒരുമാസം മുമ്പ് ഇത് 15,00ൽ താഴെയായിരുന്നു. പി.എച്ച്.സികളിലും സി.എച്ച്.സികളിലും സ്ഥിതി ഇതു തന്നെയാണ്.

കൊവിഡ് വ്യാപനത്തെത്തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ നിർദേശത്തോടെ മാസ്‌ക് ഉപയോഗം വ്യാപകമായപ്പോൾ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ജനം ഇത് സ്വീകരിക്കുന്നില്ല. ഓർഡർ ലഭിച്ചാൽ മാസ്‌ക്, സാനിട്ടൈസർ ഉത്പാദനം കൂട്ടാൻ കെ.എസ്.ഡി.പി തീരുമാനിച്ചു. എൻ 95 മാസ്‌ക് ഇപ്പോൾ മാർക്കറ്റിൽ സുലഭമല്ല. കുറഞ്ഞ വിലയുള്ള മാസ്‌കുകളാണ് നിലവിൽ മാർക്കറ്റിലുള്ളത്. മാസ്‌ക് നിർബന്ധമാക്കിയെങ്കിലും പരിശോധന കടുപ്പിക്കാതെ പൊലീസ്. സാമൂഹിക അകലവും മാസ്‌കും നിർബന്ധമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ പൂർണ ഇളവ് പ്രഖ്യാപിച്ച ശേഷം മാസ്‌കിന്റെ കാര്യത്തിൽ പരിശോധനയില്ലായിരുന്നു.

ആവശ്യക്കാർ കൂടുന്നു

നഗരത്തിൽ ഒരാഴ്ച മുമ്പുവരെ 100ൽ താഴെ ആളുകൾ മാത്രം മാസ്‌കിനായി എത്തിയിരുന്ന മെഡിക്കൽ സ്റ്റോറുകളിൽ ഇപ്പോൾ 200- 250 പേരാണ് പ്രതിദിനം എത്തുന്നത്. ഇതിൽ കുട്ടികളാണ് കൂടുതലും. 5മുതൽ 30 രൂപ വരെയുള്ള തുണിമാസ്‌കാണ് കടകളിൽ കൂടുതലായി വിറ്റഴിക്കുന്നത്.