കൂട്ടുകൂടാനൊരു കാള!

Thursday 23 February 2023 12:30 AM IST

ഗോമാതാക്കളെ വേറുതെ പഴികേൾപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് അലമ്പൻമാരായ ഹസ്ബൻഡുമാർ. ഒരു പണിയും ചെയ്യാതെ കറങ്ങിനടന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്ന കലാപരിപാടി കാളബ്രോസ് പതിവാക്കിയതോടെ റോഡുകൾ യുദ്ധക്കളമായെന്നാണ് റിപ്പോർട്ട്. സംഗതി വടക്കേ ഇന്ത്യയിലാണെങ്കിലും വടക്കൻമാരും തെക്കൻമാരും തമ്മിൽ ചില അന്തർധാരകൾ സജീവമായതിനാൽ കേരളത്തിലും വലിയ താമസമുണ്ടാകാനിടയില്ല. നടുറോഡിൽ കിടക്കുക, നടന്നുപോകുന്നവരുടെ പിന്നിലൂടെ പതുങ്ങിച്ചെന്ന് കൊമ്പുകൊണ്ട് തോണ്ടി എയറിൽ നിറുത്തി നൈസായി താഴേക്കിടുക, നാലുപേർ കൂടുന്നിടത്തെല്ലാം അപ്പിയിട്ടു നാറ്റിക്കുക എന്നിങ്ങനെ പോകുന്നു കൈയിലിരുപ്പുകൾ. ഗോമാതാക്കൾക്ക് മുകളിൽ പിടിയുള്ളതിനാൽ ഹസ്ബൻഡുമാർക്ക് എന്തുമാകാമെന്ന അവസ്ഥയായി.


കൈയിലിരിപ്പുകളുടെ കാര്യത്തിൽ ഗോമാതാക്കളും മോശക്കാരല്ലെന്നാണ് വിവരം. എന്തെങ്കിലും പറഞ്ഞാൽ പുലിവാകുമെന്നതിനാൽ ആരും മിണ്ടുന്നില്ലെന്നു മാത്രം.
പാൽ ഊറ്റിയെടുത്തശേഷം ഗോമാതാക്കളെ ആളുകൾ റോഡിലേക്ക് വിടുന്നതിന്റെ ഗുലുമാലുകൾ ഒരുപാടുണ്ട്. പാൽചുരത്തുന്ന ഗോമാതാശ്രീ, പതിശ്രീകളുടെ കൊമ്പിന്റെ ബലത്തിൽ ഗുണ്ടാപിരിവ് തുടങ്ങിയെന്നാണ് ആരോപണം. പെട്ടിക്കടകളിലടക്കം ചെന്ന് കൊമ്പുകുലുക്കുന്നതോടെ പഴം, ബിസ്‌ക്കറ്റ്, കപ്പലണ്ടി മൊട്ടായി, ഉരുളക്കിഴങ്ങ് ബോണ്ട തുടങ്ങിയ വഴിപാടുകൾ നിവേദിക്കണമെന്നാണ് പരിവാർ പ്രമാണിമാരിൽ ചിലരുടെ ഉത്തരവ്. ഗോമാതാക്കളിൽ ചിലർ ഇതിന്റെ മറവിൽ റൊട്ടിയും 'ആംപ്ളൈറ്റും' വരെ തട്ടുന്നുണ്ടെന്നാണ് ആരോപണം.
ഹസ്ബൻഡും വൈഫും കഴിക്കുന്നത് ഒരേ സംഗതികളാണെങ്കിലും വിക്ഷേപിക്കുന്ന കാര്യങ്ങൾ രണ്ടാണ് . ഒന്ന് പരിശുദ്ധ ചാണകമാണെങ്കിൽ മറ്റേത് ടെറിബിൾ അപ്പിയാണത്രേ. മണത്തിലും നിറത്തിലും ഗുണത്തിലും ഒരുപോലെയാണെങ്കിലും ചുമ്മാതൊരു വിവേചനം. അടുപ്പിൽ വയ്ക്കാനുള്ള വറളികളുണ്ടാക്കുന്നതിലും നിലം മെഴുകുന്നതിലുമെല്ലാം വില്ലാളിവീരന്മാരായ ബ്രോസിന്റെ ചാണകത്തിന് പുല്ലിന്റെ വിലപോലുമില്ല. 'പതിജീസ് വറളീസ് ടോട്ടലി ഔട്ട് ഫ്രം ദി കൺട്രി" എന്നാണ് പരിവാർ പ്രമാണം. അതിന്റെ പ്രതിഫലനമാണ് ഉത്തരേന്ത്യൻ റോഡുകളിൽ കുമിഞ്ഞുകൂടുന്നത്.

സങ്കീർണമായ ഈ പ്രശ്‌നങ്ങൾ നിസാരമായി പരിഹരിക്കാൻ ഉന്നതതല പരിവാർ ബൈഠക്കിൽ ഉരുത്തിരിഞ്ഞ ഐഡിയയാണ് സ്‌നേഹാശ്ലേഷണം. അതായത്, കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ചെവിയിൽ കാര്യം പറയുന്ന പതിവ് കലാപരിപാടി ഗോമാതാക്കളുടെ അടുത്തും പ്രയോഗിക്കുക. എല്ലാ സങ്കടങ്ങളും ഗോമാതാക്കൾ തലകുലുക്കി കേൾക്കുകയും പ്രിയ ഭർത്താക്കന്മാരെ പറഞ്ഞുമനസിലാക്കുകയും ചെയ്യുമെന്ന് ഉറപ്പ്. ഭാരതീയ തത്വസംഹിതകളിൽ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സംശയമുള്ളവർക്ക് ഉത്തരേന്ത്യയിലെ പരിവാർ നേതാക്കന്മാരോട് ചോദിക്കാം. ഉടൻ കിട്ടും മറുപടി. താങ്ങാനുള്ള കരുത്ത് വേണമെന്നുമാത്രം.

പശു ആഞ്ഞൊരു ഉമ്മ തന്നാൽ ചുംബനങ്ങളോടുള്ള ആസക്തി തീരുമെന്ന ആത്മീയ സത്യം കാണാതെ പോകരുത്. ഉമ്മയിലൂടെ ഉന്മാദങ്ങൾ അകറ്റുക എന്ന് താത്വികമായി വ്യാഖ്യാനിക്കാം. ഒറ്റ ചുംബനത്തിലൂടെ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകുകയും അനാവശ്യ ചിന്തകൾ ഒഴിവാവുകയും ചെയ്യും. ഇതിനായി സർക്കാർ ചെലവിൽ വാലന്റൈൻസ് ദിനത്തിൽ ചുംബനഫെസ്റ്റ് നടത്താനിരുന്നപ്പോഴാണ് സകലവന്മാരും കുത്തിത്തിരുപ്പുണ്ടാക്കിയത്. തീരുമാനം പിൻവലിക്കേണ്ടിവന്നെങ്കിലും ഉത്തരേന്ത്യൻ തെരുവുകളിൽ ഇതിന്റെ ആത്മീയാനുഭൂതി അനുഭവിക്കുന്നവരേറെയാണ്. കേരളത്തിലെ ചുംബനസമരക്കാർക്ക് വലിയ പ്രതീക്ഷകൾ സമ്മാനിച്ച തീരുമാനമാണിതെങ്കിലും എല്ലാം പൊളിഞ്ഞുപോയി.

എല്ലാ ദു:ഖങ്ങളും തീർത്തുതരുന്ന മാതാശ്രീയാണ് പശുവെന്ന് മലയാളി ഇനിയും മനസിലാക്കിയിട്ടില്ല. വിപ്ലവം തലയ്ക്കു പിടിച്ചതാണ് 'പ്രശ്‌നം. പൂവാലി കുഞ്ഞുമോളെ, പാലിത്തിരി ചുരത്തെടീ" എന്നു സ്‌നേഹത്തോടെ പറഞ്ഞാൽ വലിയ മൊന്ത നിറയെ പതയുടെ സമൃദ്ധിയോടെ പാൽ കിട്ടുമായിരുന്നു. ചെറുവിരൽ കൊണ്ട് പത വടിച്ചുമാറ്റി രഹസ്യമായി പാൽ കുടിച്ചിരുന്ന കറവക്കാരും ഉണ്ടായിരുന്നു. പശുക്കളുമായി നല്ലൊരു ബന്ധമുണ്ടായിരുന്ന ആ കാലം പോയി. ഉത്തരേന്ത്യയിലെ പോലെ പശുവും കാളയും പ്രശ്നക്കാരുമായിരുന്നില്ല. കാലം മാത്രമല്ല, കഥയുംമാറി. കന്നഡക്കാരൻ കുടിച്ച് ബാക്കിവച്ച പാൽ പുളിച്ചുപോകണ്ടല്ലോ എന്നു കരുതി, പൊടിയാക്കി കേരളത്തിലെത്തിച്ച് വെള്ളത്തിൽ കലക്കി വിതരണം ചെയ്യുന്ന സംശുദ്ധമായ ഹൈടെക് സാങ്കേതിക വിദ്യയ്ക്കു മുന്നിൽ ഇതൊക്കെ ഓർത്ത് സമയം കളയേണ്ടതില്ല.

തൊഴുകൈയിൽ തൊഴി
ഉത്തരേന്ത്യയിലെ റോഡുകളിൽ മനുഷ്യരേക്കാൾ കൂടുതൽ പശുക്കളും കാളകളുമാണെന്നാണ് സായിപ്പൻമാരുടെ വരെ പരാതി. ഗോമാതാവിനെ കാണുമ്പോൾ തൊഴുകയും കുറിവരച്ചുകൊടുക്കുകയും ചെയ്യുമെങ്കിലും മറ്റുകാര്യങ്ങളിലൊന്നും ആർക്കും ശ്രദ്ധയില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. പക്ഷേ, ഇതിന്റെയൊന്നും പിന്നിലുള്ള വലിയ ഉദ്ദേശ്യങ്ങൾ പാവം കുട്ടികൾ അറിയുന്നില്ല. ഭാരതത്തെ സ്വയംപര്യാപ്തമാക്കുക എന്ന ബഹുത് ബഡാ ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് എത്രപേർക്കറിയാം.
ഭാര്യമാരും മക്കളും കൊച്ചുമക്കളുമായി കാളബ്രോസ് കറങ്ങിനടക്കുമ്പോൾ വാഹനങ്ങളുടെ അമിതവേഗം കുറയും. ഇടിച്ചാൽ അതിലും വലിയ ഇരുട്ടടികൾ തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ളതിനാൽ വാഹനമോടിക്കുന്നവർ വളരെ ശ്രദ്ധിക്കുകയും ഒരു നിവൃത്തിയുണ്ടെങ്കിൽ വാഹനം പുറത്തിറക്കാതിരിക്കുകയും ചെയ്യും. അപകടം കുറയുന്നതുമാത്രമല്ല, നടപ്പ് ശീലമാക്കുകയും ചെയ്യും. പൊണ്ണത്തടി, ഷുഗർ, പ്രഷർ തുടങ്ങിയ സകല സംഗതികളും പമ്പകടക്കും. പെട്രോളിനു ചെലവാകുന്ന ഭീമമായ തുക ലാഭിക്കുകയും ചെയ്യാം. കേരളത്തിലാണെങ്കിൽ അതുകൊണ്ട് എത്രയെത്ര ലോട്ടറി ടിക്കറ്റുകളെടുക്കാമെന്നു കൂടി ചിന്തിക്കണം. ഇതിനെല്ലാമപ്പുറം, അന്തരീക്ഷ മലിനീകരണം ഇല്ലാതാകുമെന്ന വലിയൊരു സംഗതി കൂടിയുണ്ട്. അതായത് അപകട വിമുക്ത, സമ്പദ്‌സമൃദ്ധ ഭാരതം എന്ന ലക്ഷ്യത്തിന്റെ മുന്നണിപ്പോരാളികളാണ് ഗോമാതാക്കൾ. മറ്റൊരു വഴിയിലൂടെയും കാശ് വാരാം- റോഡിൽ കുമിഞ്ഞുകൂടുന്ന
ഒന്നാന്തരം ചാണകം. ഒരു ചാക്ക് ചാണകത്തിന് എന്താണ് വിലയെന്ന് അന്വേഷിച്ചാലറിയാം. റോഡിലായതിനാൽ ചാണകം ഉണക്കാൻ പ്രത്യേക സംവിധാനം വേണ്ട. വണ്ടികയറിയും ആളുകൾ നടന്നും മിക്‌സിംഗ് ആയി റോഡിൽ നല്ല കട്ടിക്ക് തേച്ചുപിടിപ്പിക്കാം. പെട്ടെന്ന് ഉണങ്ങിക്കിട്ടുകയും പൊടിയാക്കി സംഭരിക്കുകയും ചെയ്യാം. അടുപ്പിൽ വിറകിനു പകരം വയ്ക്കാനുള്ള ചാണകവറളി എത്രവേണേലും ഉണ്ടാക്കാം. പാചകത്തിന് ഗ്യാസ് വേണമെന്ന് നിർബന്ധമുള്ള പരിഷ്‌ക്കാരികൾക്ക് മണവും അപകടവുമില്ലാത്ത ഗോബർഗ്യാസും ഇഷ്ടംപോലെ. കൃഷിയിടങ്ങളിൽ രാസവളം ഒഴിവാക്കാമെന്നതാണ് മറ്റൊരു നേട്ടം. ആകെയുള്ള പ്രശ്‌നം, ഗോമൂത്രം പാഴാകുമെന്നതാണ് . റോഡുകളിലെ ഓടകളിലൂടെ ഒഴുകുമ്പോൾ സംഭരിച്ചുകൂടേയെന്നൊരു ആശയം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടത്രേ. പക്ഷേ, ക്വാളിറ്റി കുറയും. ക്യാരിബാഗ് സംവിധാനമൊരുക്കി നേരിട്ടു സംഭരിക്കാമെന്നാമെന്നാണ് ലേറ്റസ്റ്റ് ഐഡിയ. കലർപ്പില്ലാത്ത സൊയമ്പൻ സംഗതി നാലിരട്ടി വെള്ളം ചേർത്ത് വില്ക്കാം. ഗ്യാസ്ട്രബിളുകാർക്ക് അടിയന്തരഘട്ടത്തിൽ സോഡ മിക്‌സ് ചെയ്ത് കുടിക്കുകയും ചെയ്യാം. ഇതിനെല്ലാം പ്രത്യേക സൊസൈറ്റി രൂപീകരിക്കുന്നതോടെ ആയിരങ്ങൾക്കു തൊഴിൽ കിട്ടും. അതുകൊണ്ട്, റോഡുകളിൽ ചില്ലറ തൊഴികൾ കിട്ടിയാലും കാര്യമാക്കേണ്ടതില്ല.

ആരോടു പറയും,

എരുമകളുടെ സങ്കടം
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ചില സങ്കടങ്ങൾ കാണാതെ പോകരുത്. പാലിന്റെ നിറത്തിലും ഗുണത്തിലും മണത്തിലും ഗോമാതാവിനേക്കാൾ ഒരു പൊടിക്കു മുന്നിൽ നില്ക്കുന്ന എരുമകൾക്കും ഹസ്ബൻഡുമാരായ പോത്തൻമാർക്കും ഒരു പരിഗണനയുമില്ല. ഇതേ സങ്കടം തമിഴകത്തെ ലേഡികഴുതകൾക്കുമുണ്ട്. കഴുതപ്പാലിന്റെ ഔഷധഗുണങ്ങൾ മനസിലാക്കിയ സായിപ്പൻമാർ രണ്ടുംകൈയും നീട്ടി സ്വീകരിക്കുമ്പോഴാണ് ഇവിടെ ഈ വിവേചനം.
ചുരുക്കം പറഞ്ഞാൽ, വിവേചനമില്ലാത്ത ഒരു സമൂഹത്തിൽ ചുംബനങ്ങൾ വ്യാപകമാക്കി ആത്മീയമായി വളരുകയും സാമ്പത്തികമായി കുതിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. വിപ്ലവകേരളം ഒരു പടികൂടി കടന്ന് ചിന്തിച്ചതും വെറുതെയായി. അവിടെ അനുകൂലിച്ചവർ ഇവിടെ കുത്തിത്തിരുപ്പുണ്ടാക്കി.
വികസനത്തെ തുരങ്കം വയ്ക്കുന്ന ഈ രാഷ്ട്രീയം അവസാനിപ്പിക്കാൻ ഒറ്റവഴിയേയുള്ളൂ-നെടുനീളനൊരു നവോത്ഥാന മതിൽ. പഴയ മതിലിൽ വിപ്ലവവനിതകൾ എന്ന വ്യാജേന വേഷം മാറി കറുത്തമുഖം മൂടി ധരിച്ചെത്തിയ പുരുഷന്മാരായിരുന്നെന്നും മറ്റുമുള്ള ആരോപണമുണ്ട്. തീർച്ചയായും പുതിയ മതിലിൽ ഇതിനെല്ലാം ഒരു മാറ്റം പ്രതീക്ഷിക്കാം.

പോത്തന്മാ‌ർ സ്റ്റാൻഡ്

വിട്ടുപോകണം

കാടിന്റെ പരിസരപ്രദേശങ്ങളിൽ പോത്തുകുട്ടന്മാർ കറങ്ങി നടക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ വലിയ പ്രശ്നങ്ങൾക്കു കാരണമെന്നു സർക്കാർ മനസിലാക്കിയെന്നാണ് വിവരം. തിന്നുമെഴുത്ത പോത്തന്മാരുടെ ഗ്ലാമർ കണ്ട് കാടിറങ്ങിയെത്തുന്ന കടുവയും പുലിയും പട്ടിക്കും പശുവിനും മനുഷ്യർക്കും വൻ ഭീഷണിയാകുന്നു. തമിഴ്നാട്ടിലെ എല്ലുംതോലുമായ പോത്തുകുഞ്ഞൻമാരെ ചുളുവിലയ്ക്ക് വാങ്ങിക്കൊണ്ടുവന്ന് കാട്ടിൽ കയറ്റിവിട്ട് ജിമ്മൻമാരാക്കുകയാണ് മലയാളി ചേട്ടന്മാർ. നല്ല പുല്ലും ശുദ്ധമായ വായുവും തെളിനീരും നയാപൈസ ചെലവില്ലാതെ പോത്തന്മാർക്ക് ലഭ്യമാക്കുന്നതാണ് ചേട്ടന്മാരുടെ കലാപരിപാടി.

നാടൻ പോത്തന്മാർ കാട്ടിൽ കയറി സകലതും തിന്നുതീർത്താൽ കാട്ടിലുള്ളവർ പട്ടിണിയാകുമെന്ന് സർക്കാരിന് ബോദ്ധ്യമായി. നാടൻമാരുടെ രോഗങ്ങൾ കാടന്മാർക്കു കിട്ടിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ചില ഗവേഷകരും മുന്നറിയിപ്പ് നല്കുന്നു. ഇതെങ്ങാനും മനേകാഗാന്ധി അറിഞ്ഞാൽ അതിലും വലിയ പുകിലാകും.

അതുകൊണ്ട് കാടുകയറിയ സകലപോത്തൻമാരും ഉടമസ്ഥരുടെ അടുത്ത് നിശ്ചിത ദിവസത്തിനകം മടങ്ങിയെത്തണമെന്ന നോട്ടീസ് കാടുകളിൽ പതിക്കാനാണ് ആലോചന. മടങ്ങിവന്നില്ലെങ്കിൽ ഉടമസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.

Advertisement
Advertisement