നൃത്ത ഇതിഹാസം കനക് റെലെ അന്തരിച്ചു,​ മോഹിനിയാട്ടത്തിന് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിക്കൊടുത്തു

Thursday 23 February 2023 12:28 AM IST

രാജ്യം പത്മഭൂഷൺ നല്‌കി ആദരിച്ചു

മുംബയ്: ഗുജറാത്തിൽ ജനിച്ച് കേരളത്തിന്റെ കലാരൂപങ്ങളായ മോഹിനിയാട്ടത്തെയും കഥകളിയെയും സ്നേഹിച്ച് അവയ്ക്ക് രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിക്കൊടുത്ത നൃത്ത ഇതിഹാസം കനക് റെലെ (85) അന്തരിച്ചു. ഇന്നലെ മുംബയിലായിരുന്നു അന്ത്യം. പ്രഥമ ഗുരു ഗോപിനാഥ് പുരസ്കാരം നല്കി കേരള സർക്കാരും പത്മഭൂഷൺ നല്കി രാജ്യവും ആദരിച്ചു. രാഷ്ട്രീയ-കലാ സാംസ്കാരിക പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

മുംബയിലെ നളന്ദ നൃത്ത ഗവേഷണ സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു. മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതിലും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.

1937 ജൂൺ 11ന് ഗുജറാത്തിൽ ശിവദാസിന്റെയും മാധുരിയുടെയും മകളായി ജനിച്ച കനക് റെലെയുടെ ബാല്യം പശ്ചിമബംഗാളിലെ ശാന്തിനികേതനിലായിരുന്നു.

ഇക്കാലത്താണ് നൃത്തരംഗത്തേക്ക് തിരിയുന്നതും കഥകളിയിലും മോഹിനിയാട്ടത്തിലും ആകൃഷ്ടയാകുന്നതും. ഏഴാം വയസിൽ ഗുരു കരുണാകര പണിക്കരുടെ കീഴിൽ കഥകളി പഠിച്ചു. കേരളത്തെയും ഇവിടുത്തെ കലാരൂപങ്ങളെയും സ്നേഹിച്ച കനക് റെലെ കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴിലാണ് മോഹിനിയാട്ടം പഠിച്ചത്.

മുംബയ് സർവകലാശാലയിൽ നിന്ന് നിയമപഠനവും മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ഡിപ്ലോമയും നേടിയെങ്കിലും സ്വന്തം മേഖലയായി നൃത്തം തന്നെ തെരഞ്ഞെടുത്തു.

പുരാതന ഗ്രന്ഥങ്ങളിൽ നിന്ന് നൃത്ത രൂപങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ അവർ മോഹിനിയാട്ടത്തിൽ കനക് റെലെ ശൈലി ആവിഷ്‌കരിച്ചു. മോഹിനി ആട്ടം:ഓൾ ആസ്പെക്ട്സ് ആൻഡ് സ്ഫിയേഴ്സ് ഓഫ് ഇൻഫ്ലുവെൻസ് എന്ന ഗവേഷണ പ്രബന്ധത്തിലൂടെ ഇന്ത്യയിൽ നൃത്തത്തിലുള്ള ആദ്യ ഡോക്‌ടറേറ്റ് എന്ന റെക്കാഡും കനക് റെലെ നേടി. കാവാലം നാരായണപ്പണിക്കരുമായി ചേർന്ന് മോഹിനിയാട്ടത്തിലെ തനത് ശൈലിയെക്കുറിച്ച് വിദഗ്ദ്ധ പഠനം നടത്തി.

എട്ട് പതിറ്റാണ്ടോളം നീണ്ട നൃത്ത ജീവിതത്തിനിടെ പത്മശ്രീ(1989),പത്മഭൂഷൺ(2013),സംഗീത നാടക അക്കാഡമി അവാർഡ്(1994), കാളിദാസ് സമ്മാൻ (2006), എം.എസ് സുബ്ബുലക്ഷ്മി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.

ഭർത്താവ് യതീന്ദ്ര റെലെ, മകൻ രാഹുൽ. മരുമകൾ ഉമ, രണ്ട് കൊച്ചുമക്കളുണ്ട്.