കടംവീട്ടിയ ശേഷവും ബാദ്ധ്യതയുണ്ടെന്ന് ഭീഷണി,​ പ്രതി പിടിയിൽ

Thursday 23 February 2023 1:28 AM IST

തിരുവനന്തപുരം: കടംവീട്ടിയ ശേഷവും ബാദ്ധ്യതയുണ്ടെന്ന പേരിൽ കടയുടമയായ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ കരിത്തോട് ലെയ്ൻ കളത്തിൽവീട്ടിൽ വേണുവിനെയാണ് കരമന പൊലീസ് അറസ്റ്റുചെയ്തത്. വഞ്ചിയൂർ ഭാഗത്ത് കട നടത്തിവരുന്ന കരമന സ്വദേശിനിക്കു ഒരു ലക്ഷം രൂപ പ്രതിമാസം 10000 രൂപ പലിശയ്ക്കാണ് നൽകിയത്. പണവും പലിശയും പൂർണ്ണമായും തിരികെക്കിട്ടിയ ശേഷവും കടയുടമ നൽകിയ ചെക്ക് ബാങ്കിൽ കൊടുത്തു. പണമില്ലാതെ ചെക്ക് മടങ്ങിയതോടെ ഇത് കാട്ടി കടയുടമയെ ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. അമിത പലിശയ്ക്ക് പണം കടംനൽകുകയും ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്ന് കരമന പൊലീസ് പറയുന്നു. കരമന സി.ഐ സുജിത്, എസ്.ഐമാരായ സുനിത്ത് കുമാർ, നിസാറുദീൻ, സി.പി.ഒമാരായ ശ്രീനു, ഹരീഷ്, ബിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.