പുലരിയിൽ മഞ്ഞ്, പിന്നെ കൊടുംചൂട്, വരുന്നത് പൊള്ളുംകാലം
തൃശൂർ: പുലരുമ്പോൾ കനത്തമഞ്ഞെങ്കിൽ ഉച്ചയോടെ കൊടുംചൂട്... ഫെബ്രുവരിയിൽ ഇങ്ങനെയെങ്കിൽ ഈ വേനൽക്കാലം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാവിദഗ്ദ്ധർ. പാലക്കാട് എരിമയൂരിൽ കഴിഞ്ഞയാഴ്ച 40 ഡിഗ്രി സെൽഷ്യസിലെത്തിയെങ്കിൽ പുനലൂരിൽ 37 കടന്നു, തൊട്ടടുത്തു തന്നെയുണ്ട് തൃശൂരും. അതിരാവിലെയുള്ള തണുപ്പും തുടർന്നുള്ള ചൂടും തുടരുമെന്നാണ് പ്രവചനം. മനുഷ്യരുടെയും മറ്റു ജീവികളുടെയും ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഈ പ്രതിഭാസം ഏതാനും വർഷങ്ങളായുണ്ട്. തണുപ്പിന് ശേഷം രാവിലെ പത്തോടെ പെട്ടെന്ന് ഉയരുന്ന താപനില ശരീരതാപനില നിയന്ത്രിക്കുന്നതിലെ പ്രയാസവും സൂര്യാഘാതവും ഹൃദ്‌രോഗങ്ങളും ശ്വാസസംബന്ധിയായ രോഗങ്ങളും പ്രമേഹപ്രശ്‌നങ്ങളുമുണ്ടാകാൻ ഈ കാലാവസ്ഥ കാരണമാകും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഏറ്റവും ബാധിക്കാൻ സാദ്ധ്യതയുള്ള രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്. പാലക്കാടിനും പുനലൂരിനും തൊട്ടുപിന്നിലുള്ള തൃശൂരിലും സ്ഥിതി ഗുരുതരമാകാമെന്നാണ് നിഗമനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് ഫെബ്രുവരി പകുതിക്ക് മുൻപേ താപനില 35 ഡിഗ്രിയിലേറെ ഉയർന്നതെന്ന് നേരത്തേ കാലാവസ്ഥാ ഗവേഷകർ വ്യക്തമാക്കിയിരുന്നു. അടുത്തകാലത്ത് ഫെബ്രുവരിയിൽ ഇതുപോലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയിട്ടില്ല. രാത്രികാലങ്ങളിൽ ഈർപ്പവും കൂടുതലായി കാണുന്നുണ്ട്.
ശ്രദ്ധിക്കാം
ഇലക്കറികൾ, വെള്ളരിവർഗങ്ങൾ, പഴങ്ങൾ പച്ചക്കറികൾ എന്നിവ വേവിക്കാതെ കഴിക്കാം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം, നിർജ്ജലീകരണം തടയണം. രാവിലെ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നവർ കരുതൽ സ്വീകരിക്കണം വാഹനം നിറുത്തിയിട്ടതിന് ശേഷം കുട്ടികളെയോ, മൃഗങ്ങളെയോ വാഹനത്തിലാക്കി പോകരുത് .
തീപിടിത്തങ്ങളേറുന്നു
ചൂടിന്റെ കാഠിന്യം വർദ്ധിച്ചതിനാൽ തീപിടിത്തങ്ങളും കൂടി. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കരുത്. തീപിടിക്കാനിടയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. കെട്ടിടങ്ങളിലെ സ്ഥിരം അഗ്‌നിശമന സംവിധാനം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഒഴിഞ്ഞ പറമ്പുകളിലെയും പുരയിടങ്ങളിലെയും ഉണങ്ങിയ പുല്ലും മറ്റും വൃത്തിയാക്കണം.
വേനൽമഴ കിട്ടിയാലേ കൊടുംചൂടിനെ പ്രതിരോധിക്കാനാവൂ. പുലർകാലത്തെ മഞ്ഞ് അടുത്ത ദിവസങ്ങളിൽ കുറയും. പ്രാദേശികമായി കഴിഞ്ഞദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്.
ഡോ.ഗോപകുമാർ ചോലയിൽ കാലാവസ്ഥാ ഗവേഷകൻ.