ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ജലി

Thursday 23 February 2023 1:48 AM IST

ഗുരുവായൂർ : ഗജരത്‌നം ഗുരുവായൂർ പത്മനാഭന് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലിയർപ്പിച്ചു. പത്മനാഭന്റെ മൂന്നാം ചരമദിനത്തിന്റെ ഭാഗമായാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ പ്രതിമയ്ക്ക് മുന്നിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിച്ചു. തുടർന്ന് പുഷ്പചക്രവും സമർപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പുഷ്പാർച്ചന നടത്തി. ദേവസ്വം ആനത്തറവാട്ടിലെ ഗജവീരൻ ഇന്ദ്ര സെന്നിന്റെ നേതൃത്വത്തിൽ ദേവസ്വം കൊമ്പന്മാരായ ഗോപീകണ്ണൻ, അക്ഷയ് കൃഷ്ണൻ, ദേവദാസ്, രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പത്മനാഭന് പ്രണാമമർപ്പിച്ചു. കൗൺസിലർ കെ.പി.ഉദയൻ, പത്മനാഭൻ പ്രതിമയുടെ ശിൽപി എളവള്ളി നന്ദൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.