ഇങ്ങനെ പോയാൽ ആരും തോക്കെടുക്കും

Thursday 23 February 2023 2:56 AM IST

ദിവസങ്ങളായി കുടിവെള്ളം മുട്ടിയതിൽ സഹികെട്ട പ്രദേശവാസി തിരുവനന്തപുരം വെങ്ങാനൂർ സിവിൽസ്റ്റേഷൻ ഗേറ്റ് പൂട്ടിയിട്ട് തോക്കുമായി ജീവനക്കാരെ മുൾമുനയിൽ നിറുത്തിയത് വലിയ വാർത്തയായി. തോക്ക് ഒറിജിനലാണോ എന്നറിയാതെ ജീവനക്കാരും ഓരോ ആവശ്യങ്ങൾക്കായി രാവിലെതന്നെ എത്തിയവരും പരിഭ്രാന്തരായതിൽ അതിശയമില്ല. എന്നാൽ മുരുകൻ എന്ന പ്രദേശവാസി ജീവനക്കാരെ വിരട്ടാനും കുടിവെള്ളം കിട്ടാത്തതിലുള്ള പ്രതിഷേധം ചുമതലപ്പെട്ടവരെ അറിയിക്കാനും വേണ്ടിയാണ് എയർഗണ്ണുമായി സിവിൽ സ്റ്റേഷൻ ഗേറ്റിനകത്ത് ഒരുമണിക്കൂറിലധികം ഉദ്വേഗഭരിതമായ രംഗങ്ങൾ സൃഷ്ടിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് മുരുകനെ അറസ്റ്റുചെയ്ത് കൊണ്ടുപോയെങ്കിലും അയാൾ ഉന്നയിച്ച പ്രശ്നം അതേപടി നിലനില്‌ക്കുകയാണ്. കുടിക്കാനും കുളിക്കാനും മാത്രമല്ല കൃഷിക്കുള്ള വെള്ളവും തുടർച്ചയായി മുടങ്ങുന്നതിൽ മുരുകനു മാത്രമല്ല നാട്ടുകാർക്കെല്ലാം അമർഷമുണ്ട്. കുടിവെള്ളം ലഭിക്കാൻ ഇനി എവിടെ പോകണമെന്ന മുരുകന്റെ ചോദ്യം ഏറെ പ്രസക്തമാണ്.

വെങ്ങാനൂരിൽ മാത്രമല്ല തലസ്ഥാന ജില്ലയിലെ പല പ്രദേശങ്ങളും കടുത്ത ജലക്ഷാമത്തിലാണിപ്പോൾ. വേനൽ തുടങ്ങിയിട്ടേയുള്ളൂ. ഇതിനകം രൂക്ഷമായ ജലക്ഷാമത്തിൽ സംസ്ഥാനം അമർന്നുകഴിഞ്ഞു എന്നാണ് വിവിധയിടങ്ങളിൽ നിന്നു വരുന്ന വാർത്തകൾ. കൊച്ചിയിൽ നാലഞ്ചുദിവസമായി ജനങ്ങൾ ഒന്നടങ്കം തെരുവിൽ സമരത്തിലാണ്. ടാങ്കറിൽ വല്ലപ്പോഴുമെത്തുന്ന വെള്ളത്തിൽനിന്ന് ഒരു കുടമെങ്കിലും ഒപ്പിച്ചെടുക്കാൻ വീട്ടമ്മമാർ കാത്തുനില്‌ക്കുന്നത് മണിക്കൂറുകളാണ്. ഇതുപോലെ സങ്കടകരമായ സ്ഥിതി സംസ്ഥാനത്തിന്റെ പല ഭാഗത്തുമുണ്ട്. തേനും പാലുമൊന്നും ഒഴുക്കിയില്ലെങ്കിലും മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിൽ പ്രഥമസ്ഥാനത്തുവരുന്ന കുടിവെള്ളം മുടക്കമില്ലാതെ ലഭ്യമാക്കാൻ ഭരണകൂടത്തിനു കഴിയേണ്ടതാണ്. ജനുവരി കഴിയുന്നതോടെ സംസ്ഥാനത്ത് ജലസ്രോതസുകൾ വരളാൻ തുടങ്ങുമെന്ന് ജലവിതരണത്തിന്റെ കുത്തക കൈവശമുള്ള വാട്ടർ അതോറിട്ടിക്കും അതിന്റെ മന്ത്രിക്കും അറിയാവുന്ന കാര്യമാണ്. ജനങ്ങൾക്ക് പ്രയാസമുണ്ടാകാത്തവിധം ജലവിതരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ഒരു നടപടിയും എടുക്കുന്നില്ല. എല്ലാറ്റിനും ജനങ്ങളുടെ മുമ്പാകെ നിരത്താൻ എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും. എന്നാൽ പ്രതിബന്ധങ്ങൾ പരിഹരിച്ച് ജലവിതരണം സുഗമമാക്കാൻ വേണ്ടിയല്ലേ വിപുലമായ ഔദ്യോഗിക സംവിധാനങ്ങളുള്ളത്. കൊച്ചിയിൽ ഒരു പ്രദേശത്തെ ജനങ്ങളെ ഒന്നാകെ പ്രതിഷേധവുമായി തെരുവിലേക്കു ക്ഷണിച്ചുവരുത്തിയ ജലക്ഷാമത്തിനിടയാക്കിയ കാരണം കേട്ടാൽ ആരും തലയിൽ കൈവയ്‌ക്കും. ജലവിതരണത്തിന് ഉപയോഗിക്കുന്ന മോട്ടോറുകൾ കേടുവന്നതാണത്രേ പ്രതിസന്ധി സൃഷ്ടിച്ചത്. രണ്ടു മോട്ടോറുകളും പണിമുടക്കിയാൽ ജലവിതരണം നിലയ്ക്കുന്ന അവസ്ഥയാണവിടെ. ഇത്തരത്തിലൊരു തടസമുണ്ടായാൽ പകരം വയ്ക്കാൻ മറ്റൊരു മോട്ടോർ വാങ്ങി സൂക്ഷിക്കാത്തത് പണമില്ലാത്തതു കൊണ്ടാകാൻ തരമില്ല. കോടാനുകോടികളുടെ കരാർ നല്‌കാറുള്ള വാട്ടർ അതോറിട്ടിക്ക് നിഷ്‌പ്രയാസം അതിനു സാധിക്കും. പക്ഷേ ചെയ്യില്ല. അതാണ് സർക്കാർ സംവിധാനങ്ങളുടെ പൊതുസ്വഭാവം. കഴിഞ്ഞ രണ്ടു മഴക്കാലവും സംസ്ഥാനത്തെ പതിവിലേറെ അനുഗ്രഹിച്ചാണ് കടന്നുപോയത്. ജലസംരക്ഷണത്തിൽ ഒരു താത്‌പര്യവും കാണിക്കാത്ത നമുക്ക് പ്രകൃതി നല്‌കുന്ന ശിക്ഷയാണ് വേനൽ തുടങ്ങുമ്പോഴേ അനുഭവപ്പെടുന്ന ജലക്ഷാമം.

വെള്ളം കിട്ടാതെ നശിക്കുന്ന കൃഷിക്ക് കൈയും കണക്കുമില്ല. ജലസംഭരണികളിൽ മണ്ണും എക്കലും അടിഞ്ഞുകൂടി സംഭരണശേഷി പകുതിപോലുമില്ല. ഇതിനും പദ്ധതിയൊക്കെ തയ്യാറാക്കി ഫയലുകളിൽ സൂക്ഷിച്ചിട്ടുണ്ട്. പുറത്തെടുക്കുകയില്ലെന്നു മാത്രം. വെള്ളം കിട്ടാതെ വെങ്ങാനൂരിൽ പ്രതികരണശേഷിയുള്ള യുവാവ് എയർഗണ്ണുമായി സിവിൽ സ്റ്റേഷനിലെത്തി പ്രതിഷേധം അറിയിച്ച് പൊലീസ് പിടിയിലായി. എന്നാൽ വെള്ളം കിട്ടാതെ ജനം കൂട്ടത്തോടെ സർക്കാർ ഓഫീസുകളിൽ പ്രതിഷേധവുമായി എത്തുന്ന കാലം അത്ര വിദൂരമല്ല. അതിനിടയാക്കാതെ അടിയന്തര നടപടികളെടുക്കാൻ ജലവിഭവ വകുപ്പ് മുന്നോട്ടുവരണം.

Advertisement
Advertisement