ജപ്പാനെ അമ്പരപ്പിച്ച് ലോഹഗോളം

Thursday 23 February 2023 6:31 AM IST

ടോക്കിയോ : ജപ്പാനിലെ ഒരു കടൽത്തീരത്ത് അടിഞ്ഞ കൂറ്റൻ ലോഹഗോളം ചർച്ചയാകുന്നു. ഗോളം എന്താണെന്ന് ശരിക്കും ആർക്കും അറിയില്ല. ഉൾവശം പൊള്ളയായ ഈ ഗോളം ബോംബോ മറ്റോ അല്ലെന്നും ആളുകളുടെ ജീവന് ഭീഷണി ഇല്ലെന്നും അധികൃതർ പറയുന്നു. ഹമാമത്സു പട്ടണത്തിലെ എൻഷുഹാമാ ബീച്ചിലാണ് ലോഹ ഗോളം പ്രത്യക്ഷപ്പെട്ടത്. ' ഗോഡ്സില്ല എഗ്" എന്ന ഓമനപ്പേരും ഇതിനോടകം ഈ ഗോളത്തിന് ലഭിച്ചു കഴിഞ്ഞു. ഏകദേശം 4.9 അടിയാണ് ഗോളത്തിന്റെ വ്യാസം. ഒരു പ്രദേശവാസിയാണ് കടൽത്തീരത്ത് അസാധാരണ വസ്തുവിനെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. വൈകാതെ മേഖലയിലേക്കുള്ള പ്രവേശം വിലക്കിയ അധികൃതർ ഗോളത്തിൽ എക്സ് റേ പരിശോധനകൾ നടത്തി. വസ്തു സുരക്ഷിതമാണെന്നത് ഒഴികെ മറ്റ് വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടില്ല. ഗോളത്തെ ഉടൻ ബീച്ചിൽ നിന്ന് മാറ്റുമെന്നറിയുന്നു. അടുത്തിടെ യു.എസിൽ ചാര ബലൂണും അജ്ഞാത പേടകങ്ങളും കണ്ടെത്തിയ പശ്ചാത്തലത്തിൽ ഈ ഗോളവും അത്തരത്തിൽ ഏതെങ്കിലും നിരീക്ഷണ പദ്ധതിയുടെ ഭാഗമാണോ എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ലോഹ ഗോളത്തിന് ചാര ബലൂണുകളും മറ്റുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. 2019 മുതൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ജപ്പാന്റെ ആകാശത്ത് ചൈനയുടെ നിരീക്ഷണ ബലൂണുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞാഴ്ച ജപ്പാൻ പറഞ്ഞിരുന്നെങ്കിലും ചൈന അത് നിഷേധിച്ചിരുന്നു.