യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : മത്സരരംഗത്തേക്ക് മലയാളിയും

Thursday 23 February 2023 6:37 AM IST

ന്യൂയോർക്ക് : 2024 യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രൈമറിയിൽ മത്സരിക്കാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ - അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമി(37).

മലയാളികളായ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയതാണ്. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസസിന്റെ സ്ഥാപകനായ വിവേക് യു.എസിലാണ് ജനിച്ചു വളർന്നത്.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ വംശജയും സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി എന്നിവരും മത്സരത്തിന് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഉൾപാർട്ടി പോരാട്ടമായ പ്രൈമറിയിൽ വിജയിക്കുന്നവരാണ് പ്രസിഡന്റ് സ്ഥാനത്തിനായി നേരിട്ട് ഏറ്റുമുട്ടുക.

അതേ സമയം,​ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്,​ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തുടങ്ങിയ പ്രമുഖ നേതാക്കൾ വൈകാതെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഡിസാന്റിസ് മത്സരത്തിനിറങ്ങിയാൽ ട്രംപിന് ശക്തനായ എതിരാളിയാകുമെന്നാണ് വിലയിരുത്തൽ.