വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ റെയ്ഡ് : 10 മരണം

Thursday 23 February 2023 6:38 AM IST

ടെൽ അവീവ് : വെസ്‌റ്റ് ബാങ്കിൽ നാബ്ലസ് നഗരത്തിൽ ഇസ്രയേൽ നടത്തിയ റെയ്‌ഡിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടു. 80ലേറെ പേർക്ക് പരിക്കേറ്റതായി പലസ്തീനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കും. നാബ്ലസിലേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചതിന് പിന്നാലെ തോക്കുധാരികളുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. മൂന്ന് തീവ്രവാദികൾ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു കെട്ടിടത്തെ തങ്ങളുടെ സൈന്യം വളഞ്ഞെന്ന് ഇസ്രയേൽ പറഞ്ഞു. ഇവർ വെടിവയ്പ് നടത്തിയതോടെ സൈന്യം തിരിച്ചടിക്കുകയും മൂവരെയും കൊലപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അക്രമികൾ സ്ഫോടക വസ്തുക്കളും പെട്രോൾ ബോംബും എറിഞ്ഞെന്നും ഇസ്രയേൽ സൈന്യം പറയുന്നു. മരിച്ചവരിൽ 72 , 61 വീതം വയസുള്ള രണ്ട് വൃദ്ധരും 16കാരനും ഉൾപ്പെടുന്നതായി പലസ്തീൻ അറിയിച്ചു.