ബി.ബി.സിയ്ക്ക് പിന്തുണയുമായി യു.കെ സർക്കാർ

Thursday 23 February 2023 6:38 AM IST

ലണ്ടൻ: ഇന്ത്യൻ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നേരിട്ട ബി.ബി.സിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടൺ. ഇന്ത്യയിൽ ആദായ നികുതി വകുപ്പിൽ നിന്ന് നേരിടുന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ല. എന്നാൽ മാദ്ധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ശക്തമായ ജനാധിപത്യത്തിന്റെ അവശ്യ ഘടകങ്ങളാണ്" ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് ജൂനിയർ മന്ത്രി ഡേവിഡ് റൂട്ട്‌ലി പാർലമെന്റിൽ പറഞ്ഞു. ബി.ബി.സിയുടെ എഡി​റ്റോറിയൽ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബി.ബി.സിക്ക് വേണ്ടി നിലകൊള്ളുന്നു. ബി.ബി.സിക്ക് ഫണ്ട് നൽകുന്നു. ബി.ബി.സിയുടെ ലോക സേവനം സുപ്രധാനമാണ്. അതിനാൽ ആ എഡിറ്റോറിൽ സ്വാതന്ത്ര്യം ബി.ബി.സിക്ക് ലഭിക്കണെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയുമായി വിശാലവും ആഴത്തിലുമുള്ള ബന്ധമാണ് യു.കെയ്ക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ബി.സി ഇന്ത്യയിൽ നേരിട്ട റെയ്ഡുകളിൽ പ്രതിപക്ഷ എം.പിമാർ ആശങ്ക അറിയിച്ചിരുന്നു.

നടപടി ഇന്ത്യൻ പ്രധാനമന്ത്രിയെ പറ്റിയുള്ള ഡോക്യുമെന്ററി പുറത്തുവിട്ടതിന്റെ പ്രതികാര നടപടിയാണെന്ന് പ്രതികരിച്ച നോർത്തേൺ അയർലൻഡ് എം.പി ജിം ഷാനൻ യു.കെ സർക്കാർ ഇതിനെതിരെ പ്രതികരിക്കാത്തതിനെ വിമർശിച്ചിരുന്നു.