കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാക്കും. മന്ത്രി വാസവൻ.

Friday 24 February 2023 12:26 AM IST

കോട്ടയം . തിരുവനന്തപുരം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ തുടർച്ചയായി എല്ലാ വർഷവും കോട്ടയവും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരളത്തിൽ ആദ്യമായി ഫിലി സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കമിട്ട് പുതിയ സിനിമാ അവബോധം ജനങ്ങളിൽ എത്തിച്ച കോട്ടയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണിത്. ഇന്ന് ആരംഭിക്കുന്ന ചലച്ചിത്രമേള ഇതിന്റെ തുടക്കമാണ്. കൊവിഡ് കാല ശേഷം നടക്കുന്ന മേള കോട്ടയത്തെ ജനങ്ങൾ നെഞ്ചേറ്റി വൻ വിജയമാക്കുമെന്നാണ് ഡെലിഗേറ്റുകളുടെ തിരക്ക് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാഡമി കോട്ടയം ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന മേളയ്ക്ക് വൻ സ്വീകാര്യതയാണ് ഇതിനകം ലഭിച്ചിട്ടുള്ളതെന്ന് മേള ചെയർമാനും സംവിധായകനുമായ ജയരാജ് പറഞ്ഞു. അനശ്വര, ആശ, സി എം എസ് കോളേജ് തിയേറ്ററുകളിലെ സീറ്റുകളിലും കൂടുതൽ ഡെലിഗേറ്റുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയം ഫിലിംസൊസറ്റിയ്ക്ക് തുടക്കമിട്ട സംവിധായകൻ അരവിന്ദന്റെ തമ്പ് എന്ന സിനിമയുടെ ഓർമ്മക്കായി പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ഒരുക്കിയ വേദിയിലാണ് കലാപരിപാടികളും സെമിനാറും പ്രദർശനവും നടക്കുന്നത്. കോട്ടയത്തിന്റെ സിനിമാ പൈതൃകത്തെക്കുറിച്ചുള്ള സെമിനാറും നടത്തുന്നുണ്ട്. അഞ്ചു ദിവസങ്ങളിലായി ദേശീയ അന്തർദേശീയ പ്രശസ്തി നേടിയ നാൽപ്പതോളം സിനിമകൾ പ്രദർശിപ്പിക്കും. തിരുവനന്തപുരം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം നേടിയ സ്പാനിഷ് ചിത്രം ഉതമയാണ് ഉദ്ഘാടന ചിത്രം.