ഭിന്നശേഷിക്കാർക്ക് ഡ്രൈവിംഗ് ടെസ്റ്റ്
Friday 24 February 2023 12:40 AM IST
തൃശൂർ: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ദർശന സർവീസസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഡ്രൈവിംഗ് പഠനം ആരംഭിക്കുന്നതിനുള്ള ലേണേഴ്‌സ് ലൈസൻസിന്റെ വിതരണവുമായി ബന്ധപ്പെട്ട് 'കൈകോർക്കാം ചേർത്തുനിർത്താം ' പരിപാടിയുടെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തി. മുണ്ടൂർ നിർമ്മൽ ജ്യോതി സ്‌കൂൾ ഗ്രൗണ്ടിലെത്തിയ 24 ൽ 23 പേരും വിജയിച്ചു. ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, മുണ്ടൂർ നിർമ്മൽ ജ്യോതി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി, ശരത്ത്, അജിൽ എന്നിവരും നേതൃത്വം നൽകി. ഏപ്രിൽ ഒന്നിന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ലൈസൻസ് വിതരണം നടക്കും.