ഉത്രാളിക്കാവ് പൂരം സാമ്പിൾ വെടിക്കെട്ടിന് അനുമതി
Friday 24 February 2023 12:14 AM IST
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് 26ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന് കോടതി അനുമതി നല്കി. മാനദണ്ഡങ്ങൾ പാലിച്ച് 26ന് വൈകീട്ട് 7നും രാത്രി പത്തിനും ഇടയിൽ വെടിക്കെട്ട് നടത്താം. സാമ്പിൾ വെടിക്കെട്ടിന്റെ ഈ വർഷത്തെ ഊഴക്കാരായ കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ. സതീഷ് കുമാർ നൽകിയ അപേക്ഷയിലാണ് അനുമതി ലഭിച്ചത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫിന്റേതാണ് ഉത്തരവ്. സാമ്പിൾ വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ പൂരപ്രേമികൾ ആഹ്ലാദത്തിലാണ്. ടൂറിസം മാപ്പിൽ ഇടം പിടിച്ച ഊത്രാളിക്കാവ് പൂരവും, സാമ്പിൾ വെടിക്കെട്ടും കാണാൻ വിദേശികളടക്കം നിരവധി പേർ ഉത്രാളിക്കാവിലെത്തുന്നത് പതിവാണ്. 28 നാണ് പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം. എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ, എന്നീ ദേശക്കാരാണ് ഉത്രാളിക്കാവ് പൂരത്തിന്റെ മുഖ്യപങ്കാളികൾ.