മിനുങ്ങിത്തിളങ്ങാൻ കോവളം,​ ബീച്ച് നവീകരണത്തിന് 93 കോടിയുടെ പദ്ധതി

Friday 24 February 2023 3:37 AM IST

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പുവരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുക. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളിൽ പേരുകേട്ടതാണ് കോവളം. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള ഇവിടെ ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്.

കിഫ്ബി തയ്യാറാക്കി സമർപ്പിച്ച പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി വാപ്‌കോസിനെ ചുമതലപ്പെടുത്താനും അനുമതി നൽകി. കൊവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ സമഗ്ര വികസനപദ്ധതി നടപ്പാക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ടൂറിസം വകുപ്പിന്റെ ചുമതലയേറ്റയുടൻ കോവളം ബീച്ച് സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ അറ്റകുറ്റപ്പണികൾ നടപ്പാക്കി. 2021 ജൂലായ് 26ന് കോവളം ബീച്ചിന്റെ ഭാവി വികസനപ്രവർത്തനങ്ങൾ അവലോകനം ചെയ്ത് യോഗം ചേർന്നു. കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും യോഗങ്ങൾ വിളിച്ച് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.