ഈ സ്മാഷിന് മുന്നിൽ പ്രായം ഗാലറി കടക്കും.

Friday 24 February 2023 12:51 AM IST

വൈക്കം . എഴുപത്തിയെട്ടാം വയസിലും വോളിബാൾ കോർട്ടിൽ ബാലകൃഷ്ണൻ മാധവശേരി പഴയ കൗമാരക്കാരന്റെ ചുറുചുറുക്കിലാണ്. ഇരുന്നൂറോളം വരുന്ന ശിഷ്യരുടെ മനസിലേയ്ക്ക് വോളിബാളിന്റെ മർമ്മങ്ങൾ പായിക്കുമ്പോൾ പ്രായം തടസമാകുന്നില്ല. 11ാം വയസിൽ തണ്ണീർമുക്കം ചാലിനാരായണപുരം ക്ഷേത്രത്തിന് സമീപത്തെ കളിക്കളത്തിലാണ് ബാലകൃഷ്ണൻ പന്തുമായി പ്രണയത്തിലാകുന്നത്. കളിക്കളത്തിൽ ബ്ലോക്കായിരുന്നു തുറുപ്പുചീട്ട്. എതിരാളിയുടെ സ്മാഷുകളെ ബ്ലോക്ക് ചെയ്യുന്ന ബാലകൃഷ്ണന്റെ സവിശേഷ കഴിവ് എതിർകളിക്കാരിലും കാണികളിലും ആവേശം നിറച്ചിരുന്നു. 1964 ൽ 19ാംവയസിൽ ഇടുക്കി കെ എസ് ഇ ബിയിൽ ബാലകൃഷ്ണന് ജോലി ലഭിച്ചതോടെ ഇടുക്കി ഹൈഡൽ റിക്രിയേഷൻ ക്ലബിന്റെ കീഴിൽ വോളിബാൾ ടീം രൂപീകരിച്ചാണ് കളിയിൽ സജീവമായത്.

1965ൽ രാജ്യത്തെ മികച്ച വോളിബാൾ താരങ്ങളായ ബൽവന്ത് സിംഗ്, ഇന്തർ സിംഗ്, നൃപജിത്ത് സിംഗ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഇടുക്കിയിൽ നടത്തിയ ലോക്കൽ ടൂർണമെന്റിന്റെ ഓർമ്മകളിൽ ബാലകൃഷ്ണനിപ്പോഴും ആവേശഭരിതനാകുന്നു. മികച്ച കളിക്കാരനായി പരക്കെ അംഗീകരിക്കപ്പെട്ടപ്പോഴും ആലപ്പുഴ ജില്ലാ ടീമംഗമായിരുന്ന ബാലകൃഷ്ണനെ പ്രായത്തിന്റെ പേരു പറഞ്ഞ് സ്​റ്റേ​റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്താതെ തഴഞ്ഞതിന്റെ നൊമ്പരം ഇന്നുമുണ്ട് മനസ്സിൽ. അന്തരിച്ച ജിമ്മി ജോർജ് , മാണി സി കാപ്പൻ എം എൽ എ, ഹൈറേഞ്ച് സിംഹമെന്ന് അറിയപ്പെട്ട മാറാമ​റ്റം ദേവസ്യാച്ചൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുമായി കളിക്കളത്തിൽ ബാലകൃഷ്ണൻ മാ​റ്റുരച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനിടയിൽ കെ എസ് ഇ ബി ഇടുക്കി ഡെപ്യൂട്ടി ചീഫ് എൻജിനിയർ എൻ എം പെരുമാൾ, ചീഫ് എൻജിനിയർമാരായ ആർ ബാലകൃഷ്ണൻ നായർ , കെ കെ മാത്യു തുടങ്ങിയവരുടെ പ്രോത്സാഹനം ബാലകൃഷ്ണന് നിർലോഭം ലഭിച്ചു. വോളിബാളിൽ ശാസ്ത്രീയ പരിശീലനം ലഭിച്ചിട്ടില്ലാത്ത ബാലകൃഷ്ണൻ നിരന്തരമായ കളിയിലൂടെയാണ് കളിയിൽ മികവ് നേടിയത്.

200 കുട്ടികൾക്ക് പരിശീലനം.

34 വർഷമായി ടി വി പുരത്ത് താമസിക്കുന്ന നാട്ടുകാരുടെ ബാലകൃഷ്ണനാശാൻ പ്രദേശത്തെ 200 ഓളം കുട്ടികൾക്കാണിപ്പോൾ പരിശീലനം നൽകുന്നത്.കുട്ടികളെ 10, 11 വയസ് പ്രായമുള്ളപ്പോൾ കായികരംഗവുമായി അടുപ്പിക്കുന്നതാണ് അഭികാമ്യമെന്ന് ബാലകൃഷ്ണൻ പറയുന്നു. കൗമാരത്തിന്റെ തുടക്കത്തിൽ കായികരംഗവുമായി കുട്ടികൾ അടുത്താൽ മ​റ്റൊരു ലഹരിക്കും അവരെ കീഴ്‌പ്പെടുത്താനാകില്ല.