ഇനിയും സാക്ഷാത്കരിക്കപ്പെടാതെ സാംസ്‌കാരിക ഇടനാഴി

Friday 24 February 2023 12:43 AM IST

തിരുവനന്തപുരം: നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മകളുടെ സ്ഥിരം വേദിയായ വെള്ളയമ്പലം മാനവീയം വീഥിയുടെ വികസനം നിലച്ചിട്ട് വർഷങ്ങൾ. സ്‌മാർട്ട് സിറ്റിയുടെ ഭാഗമായി മാനവീയം വീഥി സാംസ്‌കാരിക ഇടനാഴിയാക്കാനുള്ള പദ്ധതിയാണ് പാതിവഴിയിലൊതുങ്ങിയത്.

2019ൽ വി.കെ.പ്രശാന്ത് മേയറായിരിക്കെയാണ് പദ്ധതി ആവിഷ്കരിച്ചത്. റോഡ് പണിക്ക് കേരള റോഡ് ഫണ്ട് ബോർഡും(കെ.ആർ.എഫ്.ബി) അടിസ്ഥാന സൗകര്യങ്ങൾ സ്മാർട്ട് സിറ്റിയുമാണ് ഒരുക്കുന്നത്. കുടിവെള്ള കിയോസ്കുകൾ, വഴിയോര വായനശാലകൾ, ആർട്ട് ഗാലറി, ഫീഡിംഗ് റൂം എന്നിവയാണ് സ്മാർട്ട് സിറ്റി നിർമ്മിക്കുന്നത്. സിൽക്ക് അക്രഡിറ്റഡ് കമ്പനിക്കാണ് നിർമ്മാണ ചുമതല. 1.25 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലെറ്റുകളുടെ പണി പുരോഗമിക്കുന്നതായി സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെന്ന് കെ.ആർ.എഫ്.ബിയും. ടെൻഡർ അനുമതിക്കുള്ള പ്രൊപ്പോസൽ ഉടൻ സർക്കാരിന് സമർപ്പിക്കും. റോഡുപണിക്ക് മേൽനോട്ടം നൽകുന്ന പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി കെ- റെയിലാണ്. മ്യൂസിയം-വെള്ളയമ്പലം റോഡിലുള്ള വയലാർ രാമവർമ്മയുടെ പ്രതിമ മുതൽ ആൽത്തറ ജംഗ്ഷനിലെ ജി.ദേവരാജന്റെയും പി.ഭാസ്‌കരന്റെയും പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം വരെയുള്ള റോഡാണ് മാനവീയം വീഥി.

പരസ്പരം പഴിചാരി

റോഡുപണി പൂർത്തിയാവാത്തതിനാൽ തങ്ങളുടെ ജോലി സുഗമമായി നടക്കുന്നില്ലെന്നാണ് സ്മാർട്ട് സിറ്റിയുടെ വാദം. എന്നാൽ സ്മാർട്ട് സിറ്റിയുടെ പണി പൂർത്തിയായാലേ റോഡ് പണി ആരംഭിക്കാനാവൂവെന്ന് കെ.ആർ.എഫ്.ബിയും പറയുന്നു. ഒത്തുകൂടലുകൾക്കായി റോഡിന്റെ വീതി കുറച്ച് ഒരു വശത്ത് ടൈൽസ് ഇട്ടിരുന്നതും പൊട്ടിപ്പൊളിഞ്ഞു. ഇവിടെ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് കാരണം.

മ്യൂസിയവും ഇരുട്ടിൽ

മാനവീയം വീഥിക്കടുത്തെ മ്യൂസിയവും പല രാത്രികളിലും ഇരുട്ടിലാണ്. തെരുവ് വിളക്കുകൾ പലപ്പോഴും കത്താറില്ലെന്ന് ആക്ഷേപമുണ്ട്. പ്രവേശനകവാടം, മൃഗശാലയിലേക്കുള്ള വഴി എന്നിവിടങ്ങളിലാണിത്. ഇഴജന്തുക്കളുടെ ശല്യവുമുണ്ടിവിടെ.

രണ്ട് മാസത്തിനകം പണികൾ പൂർത്തിയാക്കും.

സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥൻ

പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചകളുണ്ടായിരുന്നു. ആദ്യം ടെൻഡറെടുത്ത കമ്പനി നല്ല രീതിയിൽ പ്രവർത്തിച്ചില്ല. അവരെ മാറ്റി പുതിയ കമ്പനിയെ കൊണ്ടു വന്നതാണ് പദ്ധതി ഇത്രയും നീളാൻ കാരണം.

വി.കെ.പ്രശാന്ത് എം.എൽ.എ