കെ.ടി.മുഹമ്മദ് അനുസ്മരണം

Thursday 23 February 2023 9:23 PM IST

ചെറുവത്തൂർ:കെ.ടി.മുഹമ്മദിന്റെ നാടകങ്ങൾ പ്രധാനമായും മതാതീതമായ മനുഷ്യത്വത്തിനായുള്ള നീക്കങ്ങളാണെന്ന് പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ അഭിപ്രായപ്പെട്ടു . കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കണ്ണാടിപ്പാറയിൽ സംസ്ഥാന നാടകോത്സവത്തിന്റെ അനുബന്ധമായി കെ ടി മുഹമ്മദ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണകൂട രാഷ്ട്രീയത്തിന്റെ ജനവിരുദ്ധത, അകലുന്ന സമത്വത്തിന്റെ കാലം, നീതിപീഠങ്ങൾ നേരിടേണ്ട വിചാരണ എന്നിവയും കെ.ടി വിഷയങ്ങളാക്കി. കലാകാരനും വ്യക്തിജീവിതവും എന്ന, പകിട്ടില്ലാത്ത വിഷയത്തിന്റെ അസാധാരണമായ അവതരണമാണ് കെ ടിയുടെ മാസ്റ്റർപീസായ 'സൃഷ്ടി'. അത്യന്തം പ്രധാനപ്പെട്ട വിഷയങ്ങൾ, അനുരഞ്ജനമില്ലാതെ, കമഴ്സ്യൽ നാടകവേദിക്കും അവതരിപ്പിക്കാനാവും എന്ന് കെ.ടി. തെളിയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി. രമണൻ മോഡറേറ്ററായി. ജോസ് സെബാസ്റ്റ്യൻ, സുനിൽ പട്ടേന എന്നിവർ സംസാരിച്ചു. റീഡിംഗ് തിയറ്ററിൽ ഈഡിപ്പസ്, ദൂത് എന്നിവയുടെ അവതരണങ്ങൾ ശ്രദ്ധേയമായി. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിന്റെ നാടക ഗാനാലാപനവും നാടകോത്സവത്തിന് മിഴിവ് പകർന്നു.