ഇന്റർ പോളി ഫുട്ബാൾ: നിത്യാനന്ദ പോളി ചാമ്പ്യന്മാർ

Thursday 23 February 2023 9:27 PM IST

തൃക്കരിപ്പൂർ: നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടന്നു വന്ന ഇൻ്റർപോളിടെക്നിക് കോളജ് നോർത്ത് സോൺ ഫുട്ബോളിൽ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളജ് ടീമിന് കിരീടം. ഇന്നലെ വൈകുന്നേരം നടന്ന കലാശ പോരിൽ ടൈബ്രേക്കറിലൂടെ കണ്ണൂർ കല്യാശേരി ഗവ.മോഡൽ പോളിടെക്നിക് കോളജ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമനില പാലിച്ചതിനെ തുടർന്ന് നടന്ന ടൈബ്രേക്കറിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് ടീം ജേതാക്കളായത്. സമാപന ചടങ്ങിൽ സന്തോഷ് ട്രോഫി മുൻ കേരള താരം ടി.വി.ബിജുകുമാർ സമ്മാനദാനം നിർവഹിച്ചു. എ.കെ.പ്രേമരാജ് അദ്ധ്യക്ഷത വഹിച്ചു. സോണൽ കൺവീനർ കെ.പി.അഭിലാഷ്, ടി.പി.യുഗേഷ്, പി.സി.രഞ്ജിത്ത്, ടി.വി.ഗോപാല കൃഷ്ണൻ, പി.പ്രിയേഷ് എന്നിവർ പ്രസംഗിച്ചു.