പരിക്കേറ്റ വെള്ളവയറൻ കടൽപരുന്തിന് രക്ഷകരായി പ്രസാദ് ഫാൻസ്

Thursday 23 February 2023 9:43 PM IST

ധർമ്മടം: ചിറകിന്റെ എല്ലു പൊട്ടി അവശ നിലയിൽ കണ്ട വെള്ളവയറൻ കടൽപരുന്തിനെ രക്ഷിച്ച് സുന്ദരേശ്വരക്ഷേത്രത്തിലെ ആനയായ പ്രസാദിന്റെ ആരാധകവൃന്ദം.തലശ്ശേരി അണ്ടല്ലൂർ തീരത്ത് നിന്നും കണ്ടത്തിയ പരുന്തിനെ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നാരോത്തിന്റെ നിർദ്ദേശ പ്രകാരം പ്രസാദ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ബിജിലേഷ് കോടിയേരിയും മനോജ് കാമനാട്ട് മാധവനും ചേർന്ന് കണ്ണൂർ ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.

കണ്ണൂർ ജില്ലാ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർ ഷെറിൻ പൊട്ടിയ എല്ല് ഇന്ന് ശസ്ത്രക്രിയ നടത്തി കൂട്ടിചേർക്കും. പറക്കാനും ആഹാരമെടുക്കാനും കഴിയാത്ത തരത്തിലാണ് പരുന്തിനെ കണ്ടെത്തിയത്. ക്ഷീണം മാറുന്നതിനായി ഇന്നലെ ഇതിന് ഗ്ളൂക്കോസ് നൽകി.

1972 വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപെട്ടതാണ് വെള്ള വരയൻ കടൽപരുന്ത്. കേരളത്തിൽ അപൂർമായ ഇതിനെ മാഹി മുതൽ കാസർകോട് വരെയുള്ള തീരദേശങ്ങളിലാണ് കൂടുക്കൂട്ടുന്നതായി കണ്ടുവരുന്നത്.ഇണ ചേർന്നതിനു ശേഷം തീരപ്രദേശത്തെ കൂടുകളിൽ രണ്ടു മുട്ട കളാണ് പൊതുവേ കണ്ടുവരാറുള്ളത് ഇതിന്റെ കൂട് സംരക്ഷിക്കുന്നതിന് വേണ്ടിയും കൂട് കൂട്ടിയ മരങ്ങൾ വെട്ടിമാറ്റാതിരിക്കുവാൻ വേണ്ടി കൂട് കെട്ടിയ മരം നിൽക്കുന്ന സ്ഥലത്തിന്റെ ഉടമയ്ക്ക് വനം വകുപ്പ് ധനസഹായം നൽകാറുണ്ട്. ശല്യക്കാരായ ഉഗ്രവിഷമുള്ള കടൽപാമ്പുകളെ തിന്നുന്നതിനാൽ കടൽ പരുന്ത് മത്സ്യതൊഴിലാളികളുടെ വലിയ മിത്രവുമാണ്.