കണ്ണൂർ സി.പി. എമ്മിലെ വിളവെടുപ്പും കളപറിക്കലും

Friday 24 February 2023 12:00 AM IST

കണ്ണൂർ സി.പി. എമ്മിൽ ഇപ്പോൾ ശുദ്ധീകരണത്തിന്റെ നാളുകളാണ്. കാർഷിക സമരങ്ങൾക്ക് പേരുകേട്ട കണ്ണൂർ ജില്ലയിലെ തില്ലങ്കേരി എന്ന കൊച്ചുഗ്രാമത്തിൽ ഇപ്പോൾ സി.പി. എമ്മിന്റെ നേതൃത്വത്തിൽ പുതിയ വിളവെടുപ്പും കളപറിയ്ക്കലും തുടങ്ങിയിരിക്കയാണ്.

പുകഞ്ഞ കൊള്ളികളെ തള്ളിപ്പറയുക, വീണ്ടും നെഞ്ചോടു ചേർക്കുക എന്ന പതിവ് രീതിയിൽനിന്നു വ്യത്യസ്തമായി പുകഞ്ഞ കൊള്ളികളെ പാടെ പുറത്താക്കി തള്ളിപ്പറയുകയാണ് ഇപ്പോൾ കണ്ണൂർ സി.പി. എമ്മിന്റെ പ്രത്യയശാസ്ത്രം. നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു. ഈ കളയെല്ലാം പാർട്ടി പറിച്ചുകളയും. രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ചു.

വിളയുടെ വളർച്ചയ്ക്ക് വിഘാതമാകുന്ന കളയെ മുളയിലെ നുള്ളിക്കളയാനാണ് സി.പി.എമ്മിന്റെ പുറപ്പാട്. അതും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വീറുറ്റ പോരാട്ട ചരിത്രത്തിൽ ഇടംനേടിയ തില്ലങ്കേരിയിൽ നിന്നും.

വിളവെടുത്ത നെല്ലുകൾ ജന്മിമാർക്ക് കാഴ്ചവയ്‌ക്കുകയും പാടത്തു പണിയെടുത്തവർ പട്ടിണികിടക്കേണ്ടിയും വന്നപ്പോഴാണ് 1948 ഏപ്രിൽ 15ന് തില്ലങ്കേരി കർഷക പോരാട്ട ഭൂമിയായി മാറിയത്. കർഷകരുടെ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്‌പിൽ ഏഴ് തൊഴിലാളികൾ പിടഞ്ഞുമരിച്ചു. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ അഞ്ചുപേർ സേലം ജയിലിനുള്ളിൽ വെടിയേറ്റ് മരിച്ചതും ചരിത്രം.

തില്ലങ്കേരിയിലെ പൂർവികരുടെ ത്യാഗപൂർണമായ പോരാട്ടങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് ശക്തിപകർന്നു. ജന്മിത്വത്തിനും അടിച്ചമർത്തലിനുമെതിരെ സംഘടിച്ചവർ കൂട്ടമായി ചെങ്കൊടി കയ്യിലേന്തി. കയ്യൂരും കരിവെള്ളൂരും പുന്നപ്ര-വയലാറും എന്നപോലെ തില്ലങ്കേരിയേയും ഇടതുപക്ഷം ചുവന്നഅക്ഷരത്തിൽ അടയാളപ്പെടുത്തി.

ആ തില്ലങ്കേരിയല്ല

ഈ തില്ലങ്കേരി

ആ തില്ലങ്കേരി ഇന്ന് അറിയപ്പെടുന്നത് ക്വട്ടേഷൻ-സ്വർണക്കടത്തു സംഘത്തിന്റെ വെല്ലുവിളികളുടെയും ഭീഷണികളുടെയും പേരിലാണ്. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെയും ബി.ജെ.പി പ്രവർത്തകൻ വിനീഷിനേയും ഇല്ലാതാക്കിയ ആകാശും കൂട്ടരും തങ്ങളുടെ പേരിനൊപ്പം തില്ലങ്കേരിയെന്ന പേര് ചേർത്തപ്പോൾ സി.പി.എം നേതൃത്വത്തിന് അലോസര ഒട്ടുമുണ്ടായിരുന്നില്ല.

ആകാശും ജിജോയും ജയപ്രകാശുമൊക്കെ തില്ലങ്കേരി സഖാക്കൾ എന്ന പേരിന്റെ ഉടമസ്ഥത കരസ്ഥമാക്കിയപ്പോഴും സി. പി. എം തിരുത്തിയില്ല. അവരെ തലോടിവിട്ടു. സി.പി.എം സൈബർ ഇടങ്ങളിൽ അവർക്ക് വീരപരിവേഷം കിട്ടി. പതിനായിരക്കണക്കിന് ആരാധകരുള്ള പാർട്ടിഗുണ്ടകളായി അവർ വളർന്നു കയറി.

പാർട്ടി ഗുണ്ടാപ്രവർത്തനം സ്വർണക്കടത്തിലേക്കും വഴിവിട്ട ധനസമ്പാദനത്തിലേക്കും കടന്നപ്പോൾ 'നിങ്ങളുടെ ചരിത്രമല്ല തില്ലങ്കേരിയുടേത്' എന്ന് സി. പി. എം നേതാക്കൾക്ക് മൈക്ക് കെട്ടി പ്രസംഗിക്കേണ്ടി വന്നു.

നിങ്ങൾക്കെതിരായിരിക്കുന്നു സി.പി.എം എന്ന് നേതൃത്വം പ്രഖ്യാപിച്ചപ്പോൾ 'ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും പിണ്ഡംവയ്ക്കലും' എന്നായിരുന്നു പ്രതികരണം. ഈ പ്രതികരണം പാർട്ടി പ്രവർത്തകർക്കിടയിൽ ആകാശിനും കൂട്ടർക്കും അനുകൂലമായ വികാരം ഉണ്ടാക്കിയെടുത്തെന്നു വേണം കരുതാൻ. അതുകൊണ്ടായിരിക്കുമല്ലോ ആകാശുമായി സഹകരിക്കുന്ന പാർട്ടി പ്രവർത്തകർക്കുനേരെ നടപടിയുണ്ടാവുമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിക്ക് താക്കീത് നൽകേണ്ടിവന്നത്.

ഒടുവിൽ ആകാശിനെയും കൂട്ടരെയും തള്ളിപ്പറയാൻ സി.പി. എം സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജനെത്തന്നെ നേതൃത്വം ഇറക്കി. തില്ലങ്കേരിയുടെ മുഖം ആകാശിന്റേതല്ല. അഞ്ഞൂറോളം അംഗങ്ങളുടെ മുഖമാണ് തില്ലങ്കേരിക്കെന്നും ജയരാജൻ പറഞ്ഞു.

വളർത്തിയത് സി. പി. എം

ആർ.എസ്.എസ്, ബി.ജെ.പി, കോൺഗ്രസ്, എസ്‌.ഡി.പി.ഐ തുടങ്ങി എല്ലാ രാഷ്ട്ര പാർട്ടികളുടെയും സാന്നിദ്ധ്യമുണ്ടെങ്കിലും സി.പി.എമ്മിന് അപ്രമാദിത്വമുള്ള മണ്ണാണ് തില്ലങ്കേരിയിലേത്. രാഷ്ട്രീയ ഭീഷണികളെ നേരിടാൻ എന്തിനും തയ്യാറായ ഒരുകൂട്ടം ആളുകളെ എല്ലാകാലത്തും അവർ വളർത്തിക്കൊണ്ടുവന്നു. മാതാപിതാക്കൾ തികഞ്ഞ സി.പി.എം പ്രവർത്തകരായതിനാൽ ആ വഴിയിൽ സഞ്ചരിക്കാൻ ആകാശിന് തടസമുണ്ടായിരുന്നില്ല. അടിക്ക് തിരിച്ചടിച്ചും സി.പി.എം ഇതര രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചും പാർട്ടി കോട്ടകളെ സംരക്ഷിച്ച സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി.ജയരാജന്റെ സ്വാധീന വലയത്തിൽ പെട്ട ആകാശും കൂട്ടരും പാർട്ടി ആഹ്വാനങ്ങൾ സധൈര്യം ഏറ്റെടടുത്ത് നടപ്പിലാക്കി. പി.ജയരാജന്റെ സേന എന്നർത്ഥം വരുന്ന പി.ജെ ആർമിയുടേയും അമരക്കാരനായിരുന്നു ആകാശ്. പി.ജെ ആർമി പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയെന്ന് വിമർശനമുയർന്നപ്പോഴെല്ലാം അത് പാർട്ടിക്കുള്ളിൽ മാത്രമൊതുങ്ങി. കൂത്തുപറമ്പിലും തില്ലങ്കേരിയിലും വഞ്ഞേരിയിലുമൊക്കെ പാർട്ടിയോളംതന്നെ ആകാശും വളർന്നു.

ഇപ്പോൾ

കൊമ്പുകോർക്കുന്നു

രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകളും സ്വർണക്കടത്തും ക്വട്ടേഷനുമൊക്കെയായി ആകാശ് വളർന്നപ്പോൾ ചിലപ്പോഴെങ്കിലും പാർട്ടിയെപ്പോലും ചൊൽപ്പടിക്ക് നിറുത്താൻ ആകാശിനായി. തനിക്കെതിരെ നിലപാടെടുത്ത ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം എം.ഷാജറിന്റെ കയ്യിൽ നിന്ന് തില്ലങ്കേരി പ്രിമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിന്റെ ട്രോഫി വാങ്ങിക്കാൻ ആകാശിന് സാധിച്ചു എന്നത് അയാളുടെ സ്വാധീനം എത്രമാത്രമാണെന്ന് കാണിക്കുന്നതാണ്. ട്രോഫി സ്വീകരിച്ചശേഷം ആകാശ് തില്ല​ങ്കേരിയും സംഘവും വാട്സാപ്പ് ഗ്രൂപ്പിൽ ഷാജറിനെ പരിഹസിച്ചുകൊണ്ട് നടത്തിയ ചർച്ചയുടെ സ്ക്രീൻ ഷോട്ട് പുറത്ത് വന്നത് അതിന് അടിവരയിടുന്നു. അതിന് പിറകെയാണ് ഷുഹൈബിന്റെ കൊലപാതകത്തിൽ എടയന്നൂരിലെ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന് ആകാശ് ഫേസ്ബുക്കിൽ തുറന്ന് പറഞ്ഞത്. ഇങ്ങനെ നിരന്തരമായി പാർട്ടിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് ആകാശിനേയും കൂട്ടരേയും പരസ്യമായി തള്ളിക്കളയാൻ സി.പി.എം തീരുമാനിച്ചത്. അതിനായി അവരുടെ ആരാധ്യപുരുഷൻ പി.ജയരാജനെത്തന്നെ പാർട്ടി നിയോഗിച്ചതും വേദിയിൽ ആകാശിന്റെ അച്ഛനെ എത്തിച്ചതും ഒരു രാഷ്ട്രീയ തന്ത്രമായിരുന്നു.

ക്വട്ടേഷൻ രാഷ്ട്രീയം,​ സ്വർണക്കടത്ത്,​ പാർട്ടി ഇടപെട്ട് ജോലി ലഭിച്ച പ്രവർത്തകർക്കെതിരെയുള്ള ആരോപണം എന്നിവയെ പ്രതിരോധിച്ചതല്ലാതെ എടയന്നൂരിലെ നേതൃത്വം പറഞ്ഞിട്ടാണ് ഷുഹൈബിനെ കൊന്നത് എന്ന ആകാശിന്റെ തുറന്ന് പറച്ചിലിനോട് സി.പി.എം പ്രതികരിച്ചില്ല. എന്നാൽ ആ കേസിൽ ഉൾപ്പെട്ട ആകാശ് ഉൾപ്പെടെയുള്ളവരെ തള്ളിപ്പറയുകയും ചെയ്തു. ഷുഹൈബ് വധക്കേസിൽ ആകാശിന് ലഭിച്ച ജാമ്യം റദ്ദാക്കാൻ മട്ടന്നൂർ പൊലിസ് തലശേരി കോടതിയിൽ ഹർജി നൽകിയതും സി.പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് വേണം മനസിലാക്കാൻ. പാർട്ടിവരയ്‌ക്കുന്ന വരയിൽ നില്‌ക്കാൻ തയ്യാറായില്ലെങ്കിൽ ഒരിക്കലും സംരക്ഷിക്കില്ലെന്ന താക്കീതാണിത്. അതേസമയം തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ കാരണക്കാർ സി.പി.എമ്മാണെന്ന് തെറ്റിദ്ധരിക്കരുതെന്നും മുതലെടുപ്പ് നടത്താൻ ശത്രുക്കൾ ശ്രമിക്കുന്നുണ്ടെന്നും ആകാശും കൂട്ടരും പറയുന്നുണ്ട്. സാധാരണക്കാരായ അണികളെ കൂടെനിറുത്താൻ നിഷ്‌കളങ്കമെന്ന് തോന്നിപ്പിക്കുന്ന ഈ പ്രസ്താവനകൾ ഉപകരിക്കുമെന്നാവാം അവർ കണക്ക് കൂട്ടുന്നത്.

ആകാശിനേയും കൂട്ടരേയും തള്ളിപ്പറയുന്ന സി.പി.എം പാർട്ടി ഉൾപ്പെട്ട എല്ലാ കേസുകളിലേയും പ്രതികളേയും തള്ളിപ്പറയുന്നില്ല എന്നതാണ് കൗതുകം. പാർട്ടിക്ക് അടിമപ്പെട്ട് ജീവിക്കുന്ന ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും സംരക്ഷിക്കുകയും പാർട്ടിയെ വെല്ലുവിളിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ചിന്തയാണിതെന്ന് പാർട്ടി അംഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. ആകാശിനെ പടിയടച്ചു പിണ്ഡംവയ്ക്കുമ്പോൾ അയാൾക്ക് വഴിവിട്ട സഹായം ചെയ്തുകൊടുത്തവരെയും ഒറ്റപ്പെടുത്തണമെന്ന് ഇക്കൂട്ടർ വാദിക്കുന്നു.

ആകാശെന്ന മുപ്പതുകാരൻ കേരളം മുഴുവൻ അറിയുന്ന ഗുണ്ടയായി മാറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ആകാശിനെയും കൂട്ടരേയും തിരുത്തുന്നതിനൊപ്പം പാർട്ടിക്കും സ്വയം തിരുത്തൽ ആവശ്യമാണെന്ന് പാർട്ടി അനുഭാവികൾ തന്നെ പറയുന്നുണ്ട്.

Advertisement
Advertisement