മാങ്ങാട്ടിടത്തിന്റെ പെരുമ ഇനി അടുക്കളയിലേക്കും : വിപണിയിലെത്തി റെഡ് ചില്ലീസ്

Thursday 23 February 2023 9:46 PM IST

കൂത്തുപറമ്പ് :മാങ്ങാട്ടിടം ബ്രാൻഡ് മുളക് പൊടി റെഡ് ചില്ലീസ് വിപണിയിലെത്തി. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, മാങ്ങാട്ടിടം പഞ്ചായത്ത്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, അഗ്രി പാർക്ക് എന്നിവയുടെ നേതൃത്വത്തിലാണ് വിഷ രഹിതമായ മുളകുപൊടി ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി റെഡ് ചില്ലീസ് പുറത്തിറക്കുന്നത്.

വിവിധ കർഷക ഗ്രൂപ്പുകളുടെയും ,ചെറു കിട കർഷകരുടെയും നേതൃത്വത്തിലായിരുന്നു റെഡ് ചില്ലീസിന്റെ ഉത്പാതനവും വിതരണവും. മാങ്ങാട്ടിടം പഞ്ചായത്തിലെ പത്ത് ഹെക്ടറോളം സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ മുളകുകൃഷി ഇറക്കിയത്. ശാസ്ത്രീയ രീതിയിലുള്ള കൃഷി രീതി അവലംഭിച്ചതിലൂടെ മികച്ച വിളവാണ് ലഭിച്ചിരുന്നത്. കർഷകർക്ക് ഉയർന്ന വില നൽകിയാണ് കിന്റൽ കണക്കിന് മുളക് ശേഖരിച്ചത്. വിതരണോദ്ഘാടനം മാങ്ങാട്ടിടം പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരന് റെഡ് ചില്ലീസ് മുളകുപൊടി നൽകി കെ.കെ.ശൈലജ എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ.പ്രദീപൻ, വി.വി.ഷൈലജ, കെ.ശാന്തമ്മ, എം.ഷീന, തുളസി ചെങ്ങാട്ട്, ബേബി റീന , ബിന്ദു കെ.മാത്യു, സീമാ സഹദേവൻ, കൃഷി ഓഫീസർ എ.സൗമ്യ തുടങ്ങിയവർ സംസാരിച്ചു.