കൈയ്യടി നേടി 'നീലക്കുറുക്കൻ"

Thursday 23 February 2023 9:49 PM IST

കണ്ണൂർ:കൈരളി കുഞ്ഞിമംഗലത്തിന്റെ പതിനേഴാം വാർഷികാഘോഷത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള കലാജാഥയിലെ മുഖ്യ ആകർഷണമായത് നീലക്കുറുക്കൻ എന്ന തെരുവ് നാടകം. രാജ്യത്തിനെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് ഭരണ വർഗത്തിന്റെ താൽപര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന കൗശലക്കാരായ ഭരണാധികാരികളെ തുറന്നു കാട്ടുന്നതാണ് നാടകം . ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്റം വിജയകരമായി നടപ്പിലാക്കുകയും നാട്ടിലെ പൊതുമുതൽ കട്ടുമുടിക്കുകയുമാണെന്ന സത്യം തിരിച്ചറിയുന്ന ജനത നീലക്കുറുക്കൻമാരെ നാടു കടത്തുന്നിടത്താണ് നാടകം അവസാനിക്കുന്നത്.

മുപ്പത് മിനി​റ്റ് ദൈർഘ്യമുള്ള നാടകത്തിന്റെേ രചനയും സംവിധാനവും നിർവ്വഹിച്ചത് കൈരളി നാടക സംഘം തന്നെയാണ്. കെ.എം.ബാലകൃഷ്ണൻ, ടി.എൻ.മാധവൻ, എം.വി.പ്രശാന്ത് , സി.വി.ഷാജി, സി.കെ.പ്റജീഷ്, കെ.രനിത്ത്, കെ.ഹരികൃഷ്ണൻ, കെ. അജിത് കുമാർ എന്നിവരാണ് നാടകത്തിൽ അഭിനയിക്കുന്നത്.കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന കലാജാഥ ഉദ്ഘാടനം ചെയ്തു. മാർച്ച് ഒന്ന് മുതൽ ആഞ്ച് വരെ നടക്കുന്ന കൈരളി കുഞ്ഞിമംഗലത്തിന്റെ വാർഷികാഘോഷം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.വാർഷികാഘോഷത്തിന്റെ ഭാഗമായി നാട്ടരങ്ങ്, സംസ്ഥാനതല അമേച്വർ നാടകോത്സവം, കൈരളി അറ്റ് 17 തുടങ്ങിയ പരിപാടികൾ അരങ്ങേറും.