ആറ്റിങ്ങൽ നഗരസഭയിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല,​ ബി.ജെ.പി ധർണ നടത്തി

Friday 24 February 2023 3:53 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ തെരുവുവിളക്ക് കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. ധർണ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരത്തിൽ നിരവധി തെരുവ് വിളക്കുകളാണ് തകരാറിലായത്. നഗരസഭാ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ വിഷയം ഉന്നയിച്ചിതിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റ പണികൾക്കായി രണ്ട് കരാർ ജീവനക്കാരെ നിയമിക്കുകയായിരുന്നു. ഇവർ നിത്യവും 10 ലൈറ്റുകൾ വീതം അറ്റകുറ്റപണികൾ നടത്തി വരികയാണ്. ഇന്നത്തെ നിലയിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും അറ്റകുറ്റ പണികൾ നടത്താൻ കുറഞ്ഞത് രണ്ട് വർഷമെടുക്കും. ഇതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്. ജീവൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. സുജി, അജിത് പ്രസാദ്, ഷീല, സംഗീതാ റാണി തുടങ്ങിയവർ സംസാരിച്ചു.