വളമിടാൻ ഡ്രോൺ  പറന്നിറങ്ങി 

Friday 24 February 2023 1:27 AM IST
ചെന്നിത്തല പത്താം ബ്ലോക്ക് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള നാനോ വളപ്രയോഗം ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ നിർവഹിക്കുന്നു

ചെന്നിത്തല : നാനോവള പ്രയോഗത്തിനായി അപ്പർകുട്ടനാടൻ മേഖലയായ ചെന്നിത്തല പത്താം ബ്ലോക്കിലെ പാടശേഖരത്തിൽ ഡ്രോൺ പറന്നിറങ്ങി. 45 മുതൽ 50 ദിവസം വരെ പ്രായമായ നെൽച്ചെടിയ്ക്കാണ് ഡ്രോൺ ഉപയോഗിച്ച് നാനോ വളപ്രയോഗം നടത്തിയത്. ഏക്കറിന് 13:0:45 വളം ഒരു കിലോയും കാർഷിക സർവ്വകലാശാലയുടെ 'സമ്പൂർണ്ണ' എന്ന ലവണക്കൂട്ട് അരക്കിലോയും മറ്റൊരു പ്രതിരോധ മരുന്നും കൂട്ടിച്ചേർത്ത് മങ്കൊമ്പ് കീടരോഗ നിരീക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു വളപ്രയോഗം. ഏക്കറിന് മൂവായിരത്തിലേറെ രൂപ ചെലവിടേണ്ടി വരുന്ന വളപ്രയോഗമാണ് പകുതിചെലവിലും അദ്ധ്വാനഭാരം ഇല്ലാതെയും സാധിച്ചത്. ഡ്രോൺ ഉപയോഗിച്ച് വളം തളിക്കുന്നതിന്റെ ഉദ്ഘാടനം ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപു പടകത്തിൽ, അഭിലാഷ് തൂമ്പിനാത്ത്, ഉമാ താരാനാഥ് എന്നിവർ പങ്കെടുത്തു. പാടശേഖരത്തിന്റെ ശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ സാദ്ധ്യമായാൽ തരിശ് ഒഴിവാക്കി രണ്ട് കൃഷി ഇറക്കുവാൻ സാധിക്കുമെന്ന് പാടശേഖര സമിതി പ്രസിഡന്റ് രാജൻ കന്ന്യത്തറ, സെക്രട്ടറി പി.മോഹൻ, കൺവീനർ എൻ.കെ.ജനാർദ്ദനൻ എന്നിവർ പറഞ്ഞു.