യുവതിയെ നഗ്നയാക്കി വീഡിയോ എടുത്തവർ റിമാൻഡിൽ

Saturday 25 February 2023 1:16 AM IST

മാഹി: കടയിൽ ജോലിക്ക് നിന്ന യുവതിയെ സമർത്ഥമായി വീട്ടിൽ വിളിച്ചു വരുത്തി, മർദ്ദിച്ച് അവശയാക്കുകയും, വിവസ്ത്രയാക്കി നഗ്നത മൊബൈലിൽ പകർത്തി പലർക്കും അയച്ച് കൊടുക്കുകയും ചെയ്ത യുവാവും, കൂട്ടുനിന്ന അമ്മയും, പെൺ സുഹൃത്തും റിമാൻഡിലായി. പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിന്നടുത്ത പവിത്രത്തിൽ സി.എച്ച്. ലിജിൻ (37), അമ്മ എം. രേവതി (57), പാറാൽ പൊതുവാച്ചേരി സ്‌കൂളിനടുത്ത ലിജിന്റെ പെൺസുഹൃത്ത് നിധി നിവാസിൽ കെ.എം.നിമിഷ (28) എന്നിവരെയാണ് പള്ളൂർ പൊലീസ് അറസ്റ്റു ചെയ്തത്. മാഹി കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡു ചെയ്തു. വനിതകളെ കണ്ണൂർ സബ് ജയിലിൽ കൊണ്ടുപോയി. ലിജിൻ മാഹി സബ് ജയിലിലാണുള്ളത്. ഇക്കഴിഞ്ഞ 21നായിരുന്നു കേസിന്നാസ്പദമായ സംഭവം. കടയിൽ ജോലിക്ക് നിന്ന കോപ്പാലത്തെ യുവതി ഇടക്കാലത്ത് കട ഉടമയായ യുവാവ് ഫോൺ വിളിച്ചാൽ എടുക്കാറില്ലത്രെ. യുവാവ് പൊതുവാച്ചേരി സ്വദേശിനിയായ തന്റെ പെൺസുഹൃത്ത് നിമിഷ വഴി യുവതിയെ സമർത്ഥമായി ലിജിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബെഡ് റൂമിൽ കയറിയപ്പോൾ, അകത്തെ ബാത്ത് റൂമിൽ നിന്നും പുറത്ത് വന്ന നിമിഷ, യുവതിയുമായി വാക് തർക്കത്തിലാവുകയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും, വിവസ്ത്രയാക്കി മൊബൈലിൽ പകർത്തുകയുമായിരുന്നുവെന്നുമാണ് ഇരയുടെ പരാതിയിൽ പറയുന്നത്. ഐ.ടി.ആക്ട് ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തത്. പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സി.ഐ എ.ശേഖർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.