പോക്സോ കേസിൽ യുവാവിന് തടവും പിഴയും

Friday 24 February 2023 12:17 AM IST

തളിപ്പറമ്പ്: പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് രണ്ട് വകുപ്പുകളിലായി 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. നടുവിൽ കൊട്ടച്ചൊലയിലെ പഴുപ്ലാക്കൽ സനൽ സാജുവിനെയാണ് (28) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.

2015 ജൂലായ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് മോട്ടോർസൈക്കിളിൽ എളമ്പേരംപാറയിലെ വിജനമായ പാറക്കെട്ടിൽ എത്തിച്ച് അന്ന് രാത്രി അവിടെ പാർപ്പിക്കുകയും 14 മുതൽ 17 വരെ നീലേശ്വരത്തെ ഒമേഗ ടൂറിസ്റ്റ്‌ഹോമിൽ കൊണ്ടുപോയി താമസിപ്പിച്ച് ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. അന്നത്തെ ആലക്കോട് സി.ഐ എ.വി. ജോണാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറമോൾ ജോസ് ഹാജരായി.