ശ്രീ നരസിംഹകീര്‍ത്തി പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു

Friday 24 February 2023 12:38 AM IST

മേലൂർ: വിഷ്ണുപുരം ശ്രീനരസിംഹമൂർത്തി ക്ഷേത്രം ഏർപ്പെടുത്തിയ ശ്രീ നരസിംഹകീർത്തി പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി പുരസ്‌കാരം കൈമാറി. ചിത്രയുടെ ജീവിത വഴികൾ കോർത്തിണക്കി എഴുതിയ വരികൾ ചടങ്ങിൽ ശ്രീഹരി നമ്പൂതിരി ആലപിച്ചു. ഗായകൻ മധു ബാലകൃഷ്ണൻ കൊടകര ഉണ്ണി എഴുതിയ വരികളും ആലപിച്ചു. തന്റെ സംഗീത ജീവിത്തിന്റെ ജാതകമാണ് കവിതയിലൂടെ മൂർക്കന്നൂർ വരച്ചു കാട്ടിയതെന്ന് മറുപടി പ്രസംഗത്തിൽ ചിത്ര പറഞ്ഞു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി ബാങ്ക് ഒഫ് ബറോഡയും കേരളവിഷനും നടപ്പാക്കുന്ന ഒരു വർഷത്തെ കിറ്റുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം കെ.എസ്. ചിത്ര നിർവഹിച്ചു. ജെ.എച്ച്.ഐ എം. മുരളി കിറ്റുകൾ ഏറ്റുവാങ്ങി. ബാലതാരം തീർത്ഥ സുരേഷ്, തിരക്കഥാകൃത്ത് ഹരി പി. നായർ എന്നിവരെയും ആദരിച്ചു. സെക്രട്ടറി ലെനീഷ് ആനേലി അദ്ധ്യക്ഷനായി. ബാങ്ക് അസി. മാനേജർ റെജി മാത്യു, മുരളി നാനാട്ടിൽ, ശിവൻ പൊയ്യക്കാരൻ, കെ.ജി. ഹരിദാസ്, രതീഷ് കൊളക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.