മുഖ്യമന്ത്രിയെ ക്വാറന്റൈനിലാക്കിയാൽ കേരളത്തിന് നേട്ടം: പി.കെ. കൃഷ്ണദാസ്

Friday 24 February 2023 1:00 AM IST

തൃശൂർ: മുഖ്യമന്ത്രിയെ ക്വാറന്റൈനിൽ ആക്കിയാൽ കേരളത്തിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യവും സാമ്പത്തിക ലാഭവും ആകുമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. വിലക്കയറ്റവും സി.പി.എമ്മിന്റെ മാഫിയ ബന്ധവും ആഭ്യന്തര പ്രശ്‌നങ്ങളും മറച്ചുവയ്ക്കാനാണ് എം.വി. ഗോവിന്ദന്റെ യാത്ര. പ്രതിരോധ യാത്ര സത്യത്തെ പ്രതിരോധിക്കാനുള്ള യാത്രയായി മാറിയെന്നും കൃഷ്ണദാസ് പറഞ്ഞു.

സംസ്ഥാനത്ത് ലഹരിമാഫിയയും അഴിമതിയും ശക്തിപ്പെടുകയാണ്. മാർക്‌സിസ്റ്റ് പാർട്ടിയും ലഹരി മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുവന്നു. പകൽ മുഴുവൻ ലഹരിവിരുദ്ധ പ്രചാരണം നടത്തുന്ന ഡി.വൈ.എഫ്.ഐക്കാർ രാത്രിയിൽ ലഹരി വിൽക്കാനിറങ്ങുന്നു. തെരുവ് ഗുണ്ടകളെപ്പോലെ പരസ്പരം ഏറ്റുമുട്ടുകയും വെല്ലുവിളി നടത്തുകയും ചെയ്യുന്നത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമാകുന്നുണ്ട്. കുട്ടനാട്ടിലും കണ്ണൂരും മറ്റ് പലയിടത്തും ഇതാവർത്തിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റെ നികുതിക്കൊള്ളക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരം ആത്മാർത്ഥതയില്ലാത്തതെന്നും പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, ജില്ലാ ഭാരവാഹികളായ കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, എൻ.ആർ. റോഷൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.