ഡൽഹി മുഖ്യമന്ത്രിയുടെ പെഴ്സണൽ അസിസ്റ്റന്റിനെ ഇ.ഡി ചോദ്യം ചെയ്തു

Friday 24 February 2023 2:28 AM IST

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പെഴ്സണൽ അസിസ്റ്റന്റ് ബിഭവ് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇ.ഡി തയ്യാറാക്കിയ കുറ്റപത്രത്തിൽ കെജ്‌രിവാളിന്റെ പേര് പരാമർശിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. ബിഭവ് കുമാറിനെ വിളിച്ചു വരുത്തിയ ഇ.ഡി ഇന്നലെ രാത്രിയും അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ തുടർന്നു.

മദ്യവ്യവസായിയും അഴിമതിക്കേസിലെ മുഖ്യപ്രതിയുമായ സമീർ മഹേന്ദ്രു വീഡിയോ കാളിൽ അരവിന്ദ് കേജ്‌രിവാളുമായി സംസാരിച്ചതായി ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. എ.എ.പിയുടെ കമ്യൂണിക്കേഷൻ ഇൻചാർജ് വിജയ് നായരെ വിശ്വസിക്കണമെന്ന് കേജ്‌രിവാൾ സമീറിനോട് ആവശ്യപ്പെട്ട കാര്യവും ഇ.ഡി റിപ്പോർട്ടിലുണ്ട്. ഏതാനും ദിവസം മുമ്പ് കേസുമായി ബന്ധപ്പെട്ടു വൈ. എസ്.ആർ.സി.പി എം.പി മഗുന്ത ശ്രീനിവാസുല റെഡ്ഢിയുടെ മകൻ മഗുന്ത രാഘവയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹി സർക്കാരിന്റെ 2020 - 21 വർഷത്തെ എക്സൈസ് നയം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് നടന്ന അഴിമതി സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന ശുപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാട് കേസാണ് ഇ.ഡി അന്വേഷിക്കുന്നത്.