താജിക്കിസ്ഥാനിൽ ഭൂചലനം

Friday 24 February 2023 6:26 AM IST

ദുഷാൻബെ : മദ്ധ്യേഷ്യൻ രാജ്യമായ താജിക്കിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 6.07നായിരുന്നു സംഭവം. കിഴക്കൻ താജിക്കിസ്ഥാനിൽ ചൈനീസ് അതിർത്തിയിൽ നിന്ന് 82 കിലോമീറ്റർ അകലെയുള്ള ഗോർനോ - ബദാഖ്‌ഷാൻ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ജനസംഖ്യ തീരെ കുറവായതിനാൽ ഭൂചലനത്തിൽ ആളപായമോ കനത്ത നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയിലെ ഷിൻജിയാംഗ് മേഖലയിലും ഭൂചലനത്തിന്റെ പ്രകമ്പനം രേഖപ്പെടുത്തി. ആദ്യ ചലനത്തിന് 20 മിനിറ്റുകൾക്ക് ശേഷം 5.0, 4.6 തീവ്രതയിലെ രണ്ട് തുടർചലനങ്ങളും മേഖലയിലുണ്ടായി.

താജിക്കിസ്ഥാനിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ സാരസ് ഗോർനോ - ബദാഖ്‌ഷാൻ മേഖലയിലാണ്. 1911ൽ ഒരു ഭൂചലനത്തിന്റെ ഫലമായാണ് ഈ തടാകം രൂപംകൊണ്ടത്. പാമിർ പർവത മേഖലയായ ഇവിടെ ഈ മാസം ആദ്യമുണ്ടായ ശക്തമായ ഹിമപാതത്തിൽ 9 പേർ മരിച്ചിരുന്നു.