ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം

Friday 24 February 2023 6:30 AM IST

ടെൽ അവീവ്: ഗാസയിൽ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ പുലർച്ചെ പലസ്തീനിൽ നിന്ന് ആറ് റോക്കറ്റുകൾ തെക്കൻ ഇസ്രയേലിന് നേരെ വിക്ഷേപിച്ചതിന് പിന്നാലെയാണ് നടപടി. ഇതിൽ അഞ്ചെണ്ണം ഇസ്രയേൽ സൈന്യം വെടിവച്ച് വീഴ്ത്തിയിരുന്നു. ഒരെണ്ണം തുറന്ന പ്രദേശത്തേക്ക് വീണെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം വെസ്‌റ്റ് ബാങ്കിൽ നാബ്ലസ് നഗരത്തിൽ ഇസ്രയേൽ നടത്തിയ റെയ്‌ഡിൽ 11 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പലസ്തീൻ ഗ്രൂപ്പുകൾ ഇസ്രയേലിന് നേരെ വ്യോമാക്രമണം നടത്തിയത്. റെയ്ഡിനെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഹമാസും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തിന് പിന്നിൽ ഏത് ഗ്രൂപ്പാണെന്ന് വ്യക്തമല്ല. പലസ്തീനിൽ നിന്നുള്ള റോക്കറ്റാക്രമണം നടന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്രയേൽ തിരിച്ചടി നടത്തിയത്. ഹമാസിന്റെ ആയുധ നിർമ്മാണ കേന്ദ്രവും സംഭരണ കേന്ദ്രവുമാണ് ഇസ്രയേൽ തകർത്തത്.

Advertisement
Advertisement