3,500 വർഷം പഴക്കം, ഗവേഷകരെ വിസ്മയിപ്പിച്ച് എതിറികൻ ബ്രൗൺ ബിയർ

Friday 24 February 2023 6:30 AM IST

മോസ്കോ : വടക്കൻ റഷ്യയിലെ സൈബീരിയയിൽ ആയിരക്കണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് 'പെർമാഫ്രോസ്റ്റ്' എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലർന്ന മേഖലകളാണ് പെർമാഫ്രോസ്റ്റുകൾ. പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന മാമത്തുകൾ ഉൾപ്പെടെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ അനേകം ജീവികളുടെ അവശിഷ്ടങ്ങളാണ് പെർമാഫ്രോസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വൈറസുകൾ പോലും ഇവിടെ ഉറങ്ങിക്കിടക്കുന്നുണ്ട്.

അത്തരത്തിൽ നീണ്ട 3,500 വർഷങ്ങൾക്ക് ശേഷം സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് മനുഷ്യരുടെ കരങ്ങളിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ് ' എതിറികൻ ബ്രൗൺ ബിയർ". പേര് പോലെ തന്നെ ബ്രൗൺ ബിയർ ഇനത്തിലെ ഒരു കരടിയാണിത്. 2020ൽ റെയിൻഡീറുകളെ പരിപാലിക്കുന്ന ചിലർ മോസ്കോയിൽ നിന്ന് 4,600 കിലോമീറ്റർ അകലെ ബോൽഷോയ് ലയാഖോവ്‌സ്കി ദ്വീപിലെ പെർമാഫ്രോസ്റ്റിൽ നിന്നാണ് ഈ പെൺ കരടിയെ കണ്ടെത്തിയത്.

3,500 വർഷങ്ങൾക്ക് മുന്നേ ജീവൻ നഷ്ടമായെങ്കിലും അത്രയും വർഷത്തെ പഴക്കം എതിറികൻ ബ്രൗൺ ബിയറിനെ കണ്ടാൽ തോന്നില്ല. കരടിയെ കിഴക്കൻ സൈബീരിയയിലെ യാകുറ്റ്സ്കിലെ നോർത്ത് - ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ ലാസറെവ് മാമത്ത് മ്യൂസിയം ലബോറട്ടറിയിലെ ഗവേഷകർ വിജയകരമായി പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. കരടിയുടെ ആന്തരികാവയവങ്ങളെയും മസ്തിഷ്കത്തെയും പരിശോധിച്ചു.

5.09 അടി നീളവും 78 കിലോ ഗ്രാം ഭാരവും ഈ പെൺ കരടിയ്ക്കുണ്ടായിരുന്നു. റഷ്യയുടെ വടക്ക് കിഴക്കൻ മേഖലകളായ യൂകാട്ടിയ, ചുകോട്‌ക എന്നിവടങ്ങളിൽ ഇന്ന് കാണപ്പെടുന്ന കരടികളുടെ മൈറ്റോകോൺഡ്രിയൽ ഡി.എൻ.എയിൽ നിന്ന് ഇവയുടേതിന് വ്യത്യാസമില്ലെന്ന് ജനിതക വിശകലനത്തിൽ കണ്ടെത്തി. നട്ടെല്ലിനുണ്ടായ പരിക്ക് മൂലം ഏകദേശം രണ്ടോ മൂന്നോ വയസുള്ളപ്പോഴാണ് എതിറികൻ ബ്രൗൺ ബിയറിന് ജീവൻ നഷ്ടമായത്.

എന്നാൽ ഇതെങ്ങനെ ബോൽഷോയ് ലയാഖോവ്‌സ്കി ദ്വീപിലെത്തിയെന്ന് വ്യക്തമല്ല. പ്രധാന കരയിൽ നിന്ന് 50 കിലോമീറ്റർ വ്യത്യാസത്തിൽ ആർട്ടിക് സമുദ്രത്തിൽ ഒറ്റപ്പെട്ട നിലയിലുള്ള ദ്വീപാണ് ഇന്നിത്. മഞ്ഞു കട്ടകൾക്ക് മുകളിലൂടെയോ നീന്തിയോ ദ്വീപിലേക്ക് എത്തിയെന്ന് കരുതുന്നു. അല്ലെങ്കിൽ ദ്വീപ് അന്ന് പ്രധാന കരയുടെ ഭാഗമായിരുന്നിരിക്കാം. ഏതായാലും എതിറികൻ ബ്രൗൺ ബിയറിൽ കൂടുതൽ പഠനങ്ങൾ നടത്തി വൈറസുകളെ പറ്റിയടക്കം വിവരങ്ങൾ കണ്ടെത്താനാണ് ഗവേഷകരുടെ ശ്രമം. സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് ഇതിന് മുന്നേ 42,​000ത്തിലേറെ വർഷം പഴക്കമുള്ള വൂളി മാമത്തുകളുടെയടക്കം ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.