കാപ്പിയിനി ഹാപ്പി....  കിലോയ്‌ക്ക് 190 രൂപ

Saturday 25 February 2023 12:44 AM IST

കോട്ടയം: കാപ്പിക്കുരുവിന് കിലോ മുപ്പത് രൂപ വർദ്ധിച്ചതോടെ കർഷകർക്കിത് നല്ലകാലം. കാപ്പി വില കിലോയ്‌ക്ക് 160 രൂപയിൽ നിന്ന് 190 ആയാണ് വർദ്ധിച്ചത്. ആദ്യമായാണ് കാപ്പിക്ക് ഒറ്റയടിക്ക് ഇത്രയും രൂപ വർദ്ധിക്കുന്നത്. മൂന്നു മാസം കൂടിയാണ് കാപ്പിക്കുരിവിന് വില കൂടുന്നത്. മുമ്പ് കിലോയ്‌ക്ക് 80 രൂപ വരെയായി വിലയിടിഞ്ഞിരുന്നു. ഉത്പാദനം കുറഞ്ഞതും കിട്ടാനില്ലാത്തതുമാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. മലബാർ മേഖലകളിൽ കാപ്പിച്ചെടി വ്യാപകമായി വെട്ടിമാറ്റി ഏലം കൃഷി ആരംഭിച്ചിരുന്നു. ഇതോടെയാണ് ഉത്പാദനത്തിൽ ഇടിവുണ്ടായത്. കാപ്പിപ്പൊടി ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതും കർഷകരുടെ പിൻമാറ്റത്തിന് കാരണമായി. ജില്ലയിൽ പാലാ, പിഴക്, ഈരാറ്റുപേട്ട, പാമ്പാടി, മണിമല മേഖലകളിലാണ് കാപ്പിക്കുരുക്കൃഷി കൂടുതലുള്ളത്. റബർ തോട്ടങ്ങളിൽ ഇടവിളയായാണ് ഇവിടങ്ങളിൽ കാപ്പികൃഷി ചെയ്തിരുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ് കാലം. വിളവെടുപ്പ് അവസാനിക്കാറായതും ഫലം കുറഞ്ഞതുമാണ് കാപ്പിക്കുരുവിന്റെ വില വർദ്ധിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനവും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ആവശ്യക്കാർ കുറഞ്ഞതോടെ ഗ്രാമങ്ങളിൽ കാപ്പിക്കുരു പൊടിച്ചിരുന്ന നിരവധി മില്ലുകളും അപ്രത്യക്ഷമായി.

വില്ലനായി ഉത്പാദനക്കുറവ്

 കാപ്പിക്കുരുവിന് മൂന്നുമാസത്തിനിടെ കൂടിയത്- 30 രൂപ

 മൂന്ന് മാസം മുമ്പുള്ള വില (കിലോയ്‌ക്ക്)- 160 രൂപ

 ഇപ്പോഴത്തെ വില- 190

 മുമ്പ് വില ഇടിഞ്ഞത്- 80 രൂപ വരെ

 മലബാറിലെ കർഷകരുടെ പൻമാറ്റം കാരണം ഉത്പാദനം കുറഞ്ഞു

 കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവുണ്ടാക്കി

 ജില്ലയിൽ കാപ്പി ഉത്പാദിപ്പിക്കുന്നത് പാലാ, പിഴക്, ഈരാറ്റുപേട്ട, പാമ്പാടി, മണിമല എന്നിവിടങ്ങളിൽ