@ ജനകീയ പ്രതിരോധ ജാഥ കോഴിക്കോട് കടപ്പുറത്ത് ഇന്ന് അരലക്ഷം പേർ പങ്കെടുക്കും

Saturday 25 February 2023 12:39 AM IST
എം.വി ഗോവിന്ദൻ

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്തെത്തും. സ്വീകരണത്തിൽ അരലക്ഷംപേർ അണിനിരക്കുമെന്ന് കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലം സി.പി.എം നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടപ്പുറം ഫ്രീഡം സ്‌ക്വയറിലാണ് സ്വീകരണം. വൈകിട്ട് അഞ്ചിന് ജാഥ നഗരത്തിൽ എത്തും. റെഡ് വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കും. കോഴിക്കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എത്തും. ജനക്ഷേമ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജനകീയ പ്രതിരോധജാഥയെന്ന് സംഘാടകർ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ഡെപ്യൂട്ടി മേയർ ചെയർമാൻ സി.പി മുസാഫർ അഹമ്മദ്, പി.നിഖിൽ, ടി.പി.ദാസൻ, കെ.ദാമോദരൻ, എൽ.രമേശൻ, ഇ. പ്രേംകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.