സ്വപ്‌നക്കൂടുകളിൽ മറക്കരുത് അഗ്നി സുരക്ഷ.
കോട്ടയം . ലക്ഷങ്ങൾ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പല വീടുകളിലും അഗ്നി സുരക്ഷയ്‌ക്കായി ഒന്നുമൊരുക്കാത്തത് വെല്ലുവിളിയാകുന്നു. ഇതേത്തുടർന്നുള്ള ദുരന്തങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുകയാണ്. ഷോർട്ട് സർക്യൂട്ട്, ഗ്യാസ് സിലിണ്ടർ എന്നിവയാണ് പ്രധാന വില്ലൻ. പരിചയ സമ്പന്നരായ ഇലക്ട്രീഷ്യൻമാരുടെ സേവനം പ്രയോജനപ്പെടുത്താത്തും ഗുണനിലവാരമില്ലാത്ത വയറുകൾ ഉപയോഗിക്കാത്തതുമാണ് ഷോർട്ട് സർക്യൂട്ടിന്റെ പ്രധാന കാരണം.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും ജില്ലയിൽ വർദ്ധിക്കുകയാണ്. തീപിടിക്കുന്ന ഗ്യാസ് സിലിണ്ടർ നനച്ചുകൊടുത്താൽ പൊട്ടിത്തെറി ഒഴിവാക്കാം. വിദ്യാഭ്യാസമുള്ളവർക്ക് പോലും തീ പിടിത്തമുണ്ടായാൽ എന്ത് ചെയ്യണമെന്ന് ഇപ്പോഴുമറിയില്ല. റിസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിച്ചാൽ ഒരു പരിധിവരെ ഇതൊഴിവാക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കരുതൽ വേണം.
വയറിംഗ് ശ്രദ്ധിക്കണം, ഗുണമേൻമയുള്ള വയറുകൾ മാത്രം ഉപയോഗിക്കണം
വീട്ടുകളിൽ നിർബന്ധമായും ഫയർ എക്സ്റ്റിംഗ്യുഷർ സ്ഥാപിക്കണം
അപകടമുണ്ടായാൽ തീപിടുത്ത സാദ്ധ്യതയുള്ള ഉപകരണങ്ങൾ മാറ്റണം
ഷോർട്ട് സർക്യൂട്ട് എങ്കിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം വെള്ളമൊഴിക്കണം
ഫയർഫോഴ്സ് റിട്ടയർ അസി.സ്റ്റേഷൻ ഓഫീസർ അജിത് കുമാർ പറയുന്നു.
'അറിവില്ലായ്മയാണ് പല ദുരന്തങ്ങൾക്കും കാരണം. വീടിന് വേണ്ടി ലക്ഷങ്ങൾ മുടക്കുന്നവർ വെറും രണ്ടായിരം രൂപ വിലയുള്ള ഒരു ഫയർ എക്സ്റ്റിംഗ്യുഷർ സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കാറില്ല.
മുന്നിൽ എരിഞ്ഞടങ്ങി അമ്മയും സ്വപ്‌ന വീടും.
കൺമുന്നിൽ മാതാവും സ്വപ്ന ഭവനവും എരിഞ്ഞടങ്ങുമ്പോൾ ബിനീഷ് നിസഹായനായിരുന്നു. ജീവിതത്തിലെ വിലപ്പെട്ടതൊക്കെ കൺമുന്നിൽ നഷ്ടപ്പെട്ടതിന്റെ സങ്കടക്കടലിലാണ് ബിനീഷ്. കരാറുകാരനായ ബിനീഷ് തന്റെ മുഴവൻ സമ്പാദ്യവും സ്വരുക്കൂട്ടി അഞ്ച് വർഷം കൊണ്ടാണ് വീട് നിർമ്മിച്ചത്. പക്ഷേ താമസിച്ച് കൊതിതീരും മുമ്പ് ആ സ്വപ്നക്കൂട് മാതാവ് മേരിയുടെ (രാജമ്മ 72) ദാരുണാന്ത്യത്തിനും കാരണമായി. പുതിയ വീട് വച്ച് മാതാപിതാക്കൾക്കൊപ്പം സന്തോഷമായി കഴിയണമെന്നതായിരുന്നു ബിനീഷിന്റെ വലിയ ആഗ്രഹം. രണ്ടു നിലകളായി ആറ് അറ്റാച്ച്ഡ് കിടപ്പുമുറികളും മൂന്ന് ഹാളും അടുക്കളയും ഉൾപ്പെടെ മൂവായിരത്തിലേറെ സ്‌ക്വയർഫീറ്റുള്ള വീടിനാണ് ഞൊടിയിടയിൽ തീപിടിച്ചത്. ഹാളിൽ നിന്ന് പടർന്ന തീയാണ് വീടിനെ വിഴുങ്ങിയത്. പിതാവ് സെൽവരാജിന്റെ നിലവിളികേട്ട് രക്ഷിക്കാൻ താഴേയ്ക്ക് വരാനുള്ള ശ്രമവും വിഫലമായി. വാതിലും ജനലും സ്റ്റീലിലാണ് നിർമ്മിച്ചത്. അതും രക്ഷാപ്രവർത്തനത്തനത്തിന് വെല്ലുവിളിയായി. സുരക്ഷ മുൻനിറുത്തി നിർമ്മിച്ചതെങ്കിലും വീട്ടുകാരെ രക്ഷിക്കാൻ വാതിൽ ചവിട്ടിപ്പൊളിക്കാനും കഴിഞ്ഞില്ല. ഒടുവിൽ നാട്ടുകാർ ചുറ്റികയുപയോഗിച്ചാണ് വാതിൽ തല്ലിപ്പൊളിച്ചത്. അപ്പേഴേയ്ക്കും മേരിയെ മരണം കവർന്നിരുന്നു. ഫയർ ഫോഴ്‌സ് എത്തിയപ്പോഴും വഴി വില്ലനായി. പ്രധാന വഴിയിൽ നിന്ന് ബിനീഷിന്റെ വീട്ടിലേയ്ക്കുള്ള റോഡിന് കാറിന് മാത്രം കടന്നു പോകാനുള്ള വീതിയേയുള്ളൂ. ഫയർഫോഴ്‌സ് വാഹനങ്ങൾ കടന്നു വരാനാവാതെ ഏറെ നേരം കിടക്കേണ്ടിയും വന്നു. അപ്പോഴേയ്ക്കും വീട്ടിലെ എല്ലാ സാമഗ്രികളും അഗ്‌നിക്കിരയായിരുന്നു.