മിഴി തുറന്ന് രാജ്യാന്തര ചലച്ചിത്രമേള

Saturday 25 February 2023 12:32 AM IST

കോട്ടയം. ഭാഷയുടെയും സംസ്‌കാരത്തി​ന്റെയും അതിർവരമ്പുകളില്ലാത്ത രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് അക്ഷരന​ഗരിയിൽ തിരി തെളിഞ്ഞു. മന്ത്രി വി എൻ വാസവൻ മേള ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയായിരുന്നു. സംവിധായകനും ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാനുമായ ജയരാജ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, തോമസ് ചാഴികാടൻ എം പി, കെ വി ബിന്ദു, സി അജോയ്, പ്രദീപ് നായർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിനു ശേഷം ഉദ്ഘാടന ചിത്രമായ സെയിന്റ് ഒമർ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള ചലച്ചിത്ര ആരാധകരുടെ നീണ്ട നിരയായിരുന്നു ചലച്ചിത്രോത്സവവേദികളിൽ ദൃശ്യമായത്.

ആലവും പ്രിസണും ഇന്ന്. ഐ.എഫ്.എഫ്.കെ മേളയിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ആലം, പ്രിസൺ 77 എന്നീ സിനിമകൾ ഇന്ന് പ്രദർശിപ്പിക്കും. കെയ്‌റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ആലം രാവിലെ 9 30 നും സ്‌പെയിനിലെ ജയിൽ കലാപത്തിന്റെ നേർചിത്രമൊരുക്കുക്കുന്ന ത്രില്ലർ സിനിമയായ പ്രിസൺ 77 വൈകിട്ട് ഏഴിനും അനശ്വര തീയേറ്ററിൽ പ്രദർശിപ്പിക്കും.