ചിക്കൻ സ്റ്റാളിൽ നിന്നും പണവും കോഴികളെയും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
Saturday 25 February 2023 2:45 AM IST
കൊടുങ്ങല്ലൂർ: എറിയാട് പേബസാറിൽ ചിക്കൻ സ്റ്റാളിൽ അതിക്രമിച്ചു കയറി വടിവാൾ വീശി പണവും കോഴികളെയും കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിക്കോട് ലൈറ്റ് ഹൗസിന് കിഴക്കുവശം താമസിക്കുന്ന കരിച്ചില പറമ്പിൽ കാക്ക സിനോജ് എന്ന സിനോജിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു അതിക്രമം.
സിനോജും ചെറായിയിലുള്ള ഉദിത്ത് ദേവ് എന്നയാളും കൂടി വടിവാളുമായി കൊട്ടിക്കലുള്ള റാഫി എന്നയാളുടെ കോഴിക്കടയിൽ കയറി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മേശവലിപ്പിലെ 4000 രൂപയും കോഴികളെയും അപഹരിച്ചുവെന്ന കേസിലാണ് എസ്.എച്ച്.ഒ: ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ: അജിത്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ഉല്ലാസ് പൂതോട്ട്, പൊലീസുകാരായ രാജൻ, ഗിരീഷ്, ഫൈസൽ എന്നിവർ ഉണ്ടായിരുന്നു.