മലേഷ്യയ്ക്ക് ടൂർ പാക്കേജ്: ലക്ഷങ്ങൾ തട്ടിയെടുത്തു
ചാലക്കുടി: മലേഷ്യയ്ക്ക് വിനോദ സഞ്ചാര പാക്കേജ് സംഘടിപ്പിച്ച് തൃശൂരിലെ ഏജൻസി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. ചാലക്കുടിയിലും പരിസരത്തുള്ള മുപ്പത്തിയഞ്ചോളം പേരാണ് വിനോദ സഞ്ചാരത്തിനായി പണം നൽകിയത്. വിമാനത്തിൽ കൊണ്ടുപോവുകയും തിരികെ എത്തിക്കുകയും ചെയ്യുന്ന മൂന്നു ദിവസത്തെ പാക്കേജായിരുന്നു ഇവരുടേത്. പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും 28,000 രൂപ വീതം വാങ്ങുകയും ചെയ്തു. എന്നാൽ നിശ്ചയിച്ചിരുന്ന തീയതിയ്ക്ക് ആളുകളെ കൊണ്ടുപോകാൻ ആരുമെത്തിയില്ല. ടൂർ പരിപാടി തത്കാലമില്ലെന്നും എല്ലാവർക്കും പണം തിരികെ നൽകാമെന്നും തൃശൂരിലെ ഏജൻസി അറിയിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആർക്കും പണം ലഭിച്ചില്ല. ഇതേത്തുടർന്ന് പണം നഷ്ടപ്പെട്ടവരിൽ ഒരാൾ പൊലീസിൽ പരാതി നൽകി. നടപടി ഇഴഞ്ഞതോടെ ഇവർ ചാലക്കുടിയിൽ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രശ്‌നം ചർച്ചചെയ്തു. പിന്നീട് ചാലക്കുടി ഡിവൈ.എസ്.പിക്കും പരാതി നൽകി.