യു ഐ ടി വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ചെന്ന് ആരോപണം

Saturday 25 February 2023 2:59 AM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് സ്റ്റേഷനിലെ എസ്.ഐയും പൊലീസുകാരും അകാരണമായി തന്നെ ഉപദ്രവിച്ചതായി ബി.ബി.എ രണ്ടാം വർഷ വിദ്യാർത്ഥിയായ ആദിത്യൻ സുരേഷ് കുമാർ (20) വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോരാണി സ്വദേശിയായ ആദിത്യന് 22-നാണ് മർദ്ദനമേറ്റത്.

പിരപ്പൻകോട് യു.ഐ.ടി കോളേജിലെ എൻ.എസ്.എസ് ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ വെഞ്ഞാറമൂട് തൈക്കാട്ട് ബസ് കാത്ത് നിൽക്കവെ എസ്.ഐ രാഹുൽ നെടുമങ്ങാട് പോകാനുള്ള സൈഡിലെ ബസ് ഷെൽട്ടർ ചൂണ്ടി അവിടെ ഇരിക്കാത്തതിൽ തന്നോട് ദേഷ്യപ്പെട്ടു. തനിക്ക് പോകേണ്ടത് മറുഭാഗത്തേക്കാണെന്ന് പറഞ്ഞപ്പോൾ എസ്.ഐ പ്രകോപിതനായി ജീപ്പിൽ വലിച്ചുകയറ്റി അസഭ്യം പറഞ്ഞു. സ്റ്റേഷനിലെത്തിയ ശേഷം കൈവിലങ്ങ് ധരിപ്പിച്ച് മറ്റ് പൊലീസുകാ‌രും ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.

കഞ്ചാവ് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ എസ്.ഐ മാതാപിതാക്കളെയും സഹോദരിയെയും കുറിച്ച് മോശമായി സംസാരിച്ചതായും ആദിത്യൻ പറയുന്നു. സുഹൃത്ത് വിളിച്ചുപറഞ്ഞതനുസരിച്ച് അച്ഛൻ വന്ന് ജാമ്യത്തിലിറക്കി. ചെവിയിൽ നിന്ന് രക്തം വരുന്നതുകണ്ട് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. റൂറൽ എസ്.പിക്കും മനുഷ്യാവകാശ കമ്മിഷനും കേസ് നൽകിയിട്ടുണ്ടെന്നും നീതി ലഭിക്കണമെന്നും ആദിത്യൻ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ അച്ഛൻ സുരേഷ്,അമ്മ സുന,ബന്ധുക്കളായ സുനിൽദത്ത്,ഹേമ തുടങ്ങിയവരും പങ്കെടുത്തു.