ഇന്ദ്രജിത്ത് സംവിധായകനാവുന്നു, നായകൻ മോഹൻലാൽ, ഈ വർഷം അവസാനം ചിത്രീകരണം ആരംഭിച്ചേക്കും

Saturday 25 February 2023 6:09 AM IST

ഇന്ദ്രജിത്ത് ഇനി സംവിധായകൻ. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ രചനയും ഇന്ദ്രജിത്തിന്റേതാണ്. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. മാസങ്ങൾക്കു മുൻപ് ഇന്ദ്രജിത്ത് കഥ പറയുകയും മോഹൻലാലിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇന്ദ്രജിത്ത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുന്ന മോഹൻലാൽ മേയിൽ അനൂപ് സത്യന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും. ഇതിനുശേഷം പൃഥ്വിരാജിന്റെ എമ്പുരാനിൽ അഭിനയിക്കും. എമ്പുരാന്റെ ചിത്രീകരണം നീളാനാണ് സാദ്ധ്യത. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ. ഈ സാഹചര്യത്തിൽ ഇന്ദ്രജിത്ത് - മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷത്തിലേക്ക് നീളും. ടിനു പാപ്പച്ചന്റെ ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. എമ്പുരാനുശേഷം ടിനുവിന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് മോഹൻലാലിന്റെ തീരുമാനം.അതേസമയം മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം റാമിൽ ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.തുറമുഖം, ക്രൈം നമ്പർ 59 - 2019, കുഞ്ഞമ്മണീസ് ഹോസ്പിറ്റിൽ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ഇന്ദ്ര ജിത്ത് ചിത്രങ്ങൾ.