ഒന്നാം ക്ളാസ് പ്രവേശനം

Saturday 25 February 2023 12:00 AM IST

ഒന്നാം ക്ളാസിൽ പ്രവേശിപ്പിക്കാനുള്ള പ്രായം ആറുവയസാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. കേരളത്തിൽ നിലവിൽ അഞ്ച് വയസിലാണ് കുട്ടികളെ സ്‌കൂളിൽ ചേർക്കുന്നത്. 64-65 കാലഘട്ടത്തിൽ കേന്ദ്രം നിയോഗിച്ച കോത്താരി എഡ്യൂക്കേഷൻ കമ്മിഷനാണ് ഒന്നാംക്ളാസിലെ പ്രവേശനം ആറുവയസാക്കണമെന്ന് ആദ്യം നിർദ്ദേശിച്ചത്. 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നുമുതൽ ആറ് വയസുവരെ പ്രീപ്രൈമറി വിദ്യാഭ്യാസം, ആറാംവയസിൽ ഒന്നാം ക്ളാസ് എന്ന രീതിയിൽ വിഭാവനം ചെയ്തതിന്റെ ഭാഗമായി 22 സംസ്ഥാനങ്ങൾ ഈ നിർദ്ദേശം നടപ്പിലാക്കിയിട്ടുണ്ട്. കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ ഇപ്പോഴും വിട്ടുനില്‌ക്കുകയാണ്.

അതേസമയം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകൾ ആറുവയസാണ് ഒന്നാം ക്ളാസ് പ്രവേശനത്തിന് പാലിക്കുന്നത്.

വിദ്യാഭ്യാസ വിദഗ്ദ്ധരിൽ ഭൂരിപക്ഷവും ആറ് വയസിനെയാണ് പിന്തുണയ്ക്കുന്നത്. കുട്ടികൾക്ക് ബാല്യകാലം ഒരുവർഷം കൂടി കിട്ടുന്നതാണ് ഏതുരീതിയിലും നല്ലത്. ശ്രദ്ധിച്ച് കേൾക്കാനും എഴുതാനും വായിക്കാനും മറ്റും കുട്ടികൾ പ്രാപ്തരാകുന്നത് അഞ്ച് വയസിന് ശേഷമാണ്. ചെറിയ പ്രായത്തിൽത്തന്നെ പഠനഭാരം അവരുടെ തലയിൽ കെട്ടിവയ്ക്കാതിരിക്കുന്നതാണ് നല്ലത്. രക്ഷിതാക്കൾക്ക് ഒരുപക്ഷേ കുട്ടികളെ നേരത്തേ സ്‌കൂളിലയയ്ക്കാൻ താത്‌പര്യമുണ്ടാകും. അവരുടെ താത്‌പര്യത്തിനല്ല സർക്കാർ മുൻതൂക്കം നല്‌കേണ്ടത്.

സ്റ്റേറ്റ് സിലബസിൽ ഈ വർഷം അഞ്ച് വയസ് തന്നെ തുടരാനാണ് സാദ്ധ്യത. കാരണം കുട്ടികളെ കിട്ടാതാവുന്ന അവസ്ഥ ഒഴിവാക്കാൻ അതായിരിക്കും നല്ലത്. എന്നാൽ അടുത്തവർഷം മുതലെങ്കിലും ഇത് ആറുവയസായി ഉയർത്തുന്നതാണ് ഉത്തമം. കാരണം വളരെ ചെറിയ പ്രായത്തിലേ കുട്ടികൾ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ പഠിക്കാൻ പ്രാപ്‌തരായിരിക്കില്ല. അതേസമയം ബോർഡുകളിൽ ആറ് വയസും സ്റ്റേറ്റ് സിലബസിൽ അഞ്ച് വയസും എന്ന രീതി വരുന്നതും പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇക്കാര്യത്തിൽ ഏകതയുള്ള ഒരു രീതി പിന്തുടരുന്നതാണ് അഭികാമ്യം.

എല്ലാ കുട്ടികളും എല്ലാ വിഷയങ്ങളും പത്താം ക്ളാസുവരെ നിർബന്ധമായി പഠിക്കണമെന്ന നിലവിലെ രീതിയിലും മാറ്റം വരുത്തേണ്ടതാണ്. സയൻസ് വിഷയങ്ങളിൽ മാത്രം താത്‌പര്യമുള്ള വിദ്യാർത്ഥികളെ എട്ടാംക്ളാസ് കഴിഞ്ഞും ഹിസ്റ്ററിയും ഇക്കണോമിക്സും സാമൂഹ്യപാഠവുമൊക്കെ പഠിപ്പിക്കേണ്ടതുണ്ടോ എന്ന് വിദ്യാഭ്യാസ പണ്ഡിതർ ചിന്തിക്കേണ്ടതാണ്. അതുപോലെ തന്നെ സയൻസും കണക്കും മറ്റും പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് എട്ടാം ക്ളാസിന് ശേഷവും അത് പഠിച്ചാലേ പത്താംതരം പാസാകാൻ കഴിയൂ എന്ന് വരുന്നതും പഠനം അമിതഭാരമായി മാറാൻ ഇടയാക്കുന്നുണ്ട്. ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ കൂടുതൽ താത്‌പര്യവും മാർക്കും നേടുന്ന വിദ്യാർത്ഥികളെ ആ വഴിയിലേക്ക് നേരത്തേതന്നെ തിരിച്ചുവിടുന്നതാണ് നല്ലത്. എന്നാൽ ഭാഷാപഠനം പ്രത്യേകിച്ചും മാതൃഭാഷാ പഠനം കൂടുതൽ പ്രാധാന്യത്തോടെ പിന്തുടരുകയും വേണം. ഇംഗ്ളീഷിന് പുറമെ മറ്റ് വിദേശഭാഷകൾ പഠിക്കാനുള്ള കൂടുതൽ അവസരങ്ങളും സ്‌കൂൾതലം മുതൽ തുടങ്ങുന്നത് അഭികാമ്യമാണ്. ഭാവിയിൽ വിദ്യാർത്ഥിക്ക് ജോലിയിലും ജീവിതത്തിലും ഉപകാരപ്പെടുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽത്തന്നെ മാറ്റം വരുത്തേണ്ടതാണ്. ലോകത്ത് നിരവധി പുതിയ തൊഴിൽ മേഖലകളാണ് ഉണ്ടായിവരുന്നത്. അതിൽ പങ്കാളികളാകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് വേണ്ടത്.