ആറുമാസം ,​500 യൂണിറ്റുകൾ: പ്രതീക്ഷ വളർത്തി ഫാം ടൂറിസം

Friday 24 February 2023 9:59 PM IST

പ്രതിവർഷം കുറഞ്ഞത് 500 കോടി വരുമാനം ലക്ഷ്യം

കണ്ണൂർ:ആറു മാസത്തിനകം ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ ലോകത്തിന് പരിചയപ്പെടുത്താനുള്ള പദ്ധതികളുമായി കൃഷി,​ടൂറിസം വകുപ്പുകൾ. ഇത്രയും കാലയളവിനുള്ളിൽ കുറഞ്ഞത് 500 ഫാം ടൂറിസം യൂണിറ്റുകൾ സജ്ജമാക്കി പരമാവധി വിനോദസഞ്ചാരികളെ എത്തിക്കുകയെന്നതാണ് ലക്ഷ്യം. ഉല്പന്നങ്ങളുടെ വിപണന സാദ്ധ്യതയ്ക്ക് പുറമെ ഫാമുകളെ ടൂർ പാക്കേജുകളുടെ ഭാഗമാക്കാനുമാണ് പദ്ധതി.

അഭിരുചിയുള്ളവരെ കണ്ടെത്തിയാൽ വർഷം കുറഞ്ഞത് 500കോടിയുടെ വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തൽ. കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമുകളിൽ തന്നെ ഇത്തരം സൗകര്യങ്ങളൊരുക്കാനാണ് ആലോചന. കാസർകോട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഫാം ടൂറിസത്തിന്റെ ഭാഗമായി ഫാം കാർണിവൽ സംഘടിപ്പിച്ചത് ഇതെ ഉദ്ദേശം മുൻനിർത്തിയാണ്. വിനോദസഞ്ചാരികളെ സംരംഭകരുടെ നേതൃത്വത്തിൽ ഫാമുകളിലേക്ക് എത്തിച്ച് കേരളത്തിന്റെ കൃഷിയറിവ് പകർന്നു കൊടുക്കുന്ന രീതിയാണിത്. .

കൃഷിയും ടൂറിസവും കൈകോർക്കുന്നതോടെ അനുഭവവേദ്യ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് സർക്കാർ‌ കരുതുന്നത്. കേരളത്തിന്റെ ഉപജീവന, സാമ്പത്തിക രംഗങ്ങളിലെ പ്രധാന ഘടകങ്ങളാണ് കൃഷിയും ടൂറിസവും.കൊവിഡും തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും ഏറ്റവും കൂടുതൽ ബാധിച്ച ഇരുമേഖലകളുടേയും ശാക്തീകരണം ഇതിലൂടെ ലക്ഷ്യമിടുന്നു.

സഞ്ചാരികൾക്ക് അനുഭവം; കർഷകന് വരുമാനം

കൃഷി പഠിക്കാൻ വിദേശികളടക്കം നിരവധി പേർ കേരളത്തിലേക്ക് വരുന്നുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടാത്തതാണ് ഇവർക്ക് തടസ്സം. തിരഞ്ഞെടുക്കപ്പെടുന്ന കർഷകന്റെ വീടുകളിൽ ഇത്തരം സഞ്ചാരികളെ താമസിപ്പിച്ച് കൃഷി പഠിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരേസമയം ടൂറിസ്റ്റുകൾക്ക് ആസ്വാദ്യകരവും കർഷകർക്ക് വരുമാനദായകവുമാകും.പദ്ധതിയിലൂടെ വിനോദസഞ്ചാരികൾക്ക് കൃഷിയുടെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാകാനും, ഫാമുകളിലെ താമസ സൗകര്യം ഉപയോഗപ്പെടുത്താനും സാധിക്കും. നിലവിൽ ടൂറിസത്തിനായുള്ള രജിസ്‌ട്രേഡ് ഫാം യൂണിറ്റുകൾ കുറവാണ്. ഇവയുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ആലോചന.

ഫാം ടൂറിസമെന്ന ആശയം പുതുമയുള്ളതല്ല. എന്നാൽ കേരളത്തെ സംബന്ധിച്ച് ശ്രദ്ധ കിട്ടാത്ത മേഖലയാണിത്. സാമ്പത്തികമായ ആഘാതങ്ങളിൽ നിന്ന് കരകയറാൻ കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ഫാം ടൂറിസം.

പി. പ്രസാദ്, കൃഷിമന്ത്രി